ചെന്നൈ: രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി നാം തമിളര്‍ കച്ചി(എന്‍.ടി.കെ) കോഡിനേറ്റര്‍ സെന്തമിഴന്‍ സീമന്‍.
‘അതെ, ഞങ്ങള്‍ രാജീവ് ഗാന്ധിയെ കൊന്നു, അത് ശരിയാണ്’ എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വെല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കന്തിച്ചു.
വിക്രവന്തി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സീമാന്റെ പ്രസ്താവന.
‘ചരിത്രം തിരുത്തിയെഴുതപ്പെടുന്ന ഒരു കാലം വരും. എന്റെ ജനത്തെ കൊലചെയ്യാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സംരക്ഷണ സേന (ഐപികെഎഫ്) അയച്ച രാജീവ് ഗാന്ധി, തമിഴരുടെ മാതൃരാജ്യത്ത് വെച്ച് കൊല ചെയ്യപ്പെട്ടു’- എന്നായിരുന്നു സീമന്റെ പ്രസ്താവന.
എന്‍.ടി.കെ സ്ഥാനാര്‍ത്ഥി കെ. കന്തസാമിക്കുവേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴരുടെ ശത്രുവാണെന്നും സീമാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
കലാപമുണ്ടാക്കാനും സമാധാനം തകര്‍ക്കാനും ഉദ്ദേശിച്ച് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് പ്രാദേശിക പോലീസ് സീമാനെതിരെ കേസെടുത്തിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് യൂണിറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തത്.
ഇതാദ്യമായല്ല സീമാനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്, 2018 ല്‍ എല്‍.ടി.ടി.ഇയെ പ്രശംസിച്ചതിനും അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
രണ്ട് ഉപതെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.എല്‍.എ എച്ച് വസന്തകുമാര്‍ കന്യാകുമാരി നിയോജകമണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട തുടര്‍ന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡി.എം.കെ എം.എല്‍.എ കെ രാധാമണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് വിക്രവന്തിയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ