മുംബൈയില്‍ എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ കുതിരയെ കെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
national news
മുംബൈയില്‍ എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ കുതിരയെ കെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2019, 6:57 pm

മുംബൈ: കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുംബൈ ഹോട്ടലില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കെതിരെയും ബി.ജെ.പിയ്‌ക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സോഫിടെല്‍ ഹോട്ടലിന് മുന്നില്‍ കുതിരയെ കെട്ടിയാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

എം.എല്‍.എമാരെ കാണണമെന്നും അവരെ തടങ്കലിലാക്കിയതാണോ അതോ സ്വമേധയാ താമസിക്കുന്നതാണോയെന്ന് തങ്ങള്‍ക്ക് അറിയണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കനത്ത സുരക്ഷയാണ് ഹോട്ടലിന് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. ബി.ജെ.പിയ്‌ക്കെതിരെ ബംഗളൂരുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിയ്ക്കുന്നുണ്ട്.

കര്‍ണാടകയില്‍ സംയുക്ത സര്‍ക്കാര്‍ വന്നതിന് ശേഷം നടക്കുന്ന ആറാമത്തെ അട്ടിമറി ശ്രമമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ കുതിരക്കച്ചവട ശ്രമങ്ങളെ കോണ്‍ഗ്രസ് നേരിടുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

‘കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍കംടാക്‌സ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയും പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തും ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണെന്ന് രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുത്.’ കെ.സി വേണുഗോപാല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇപ്പോള്‍ വിമത എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനായി കര്‍ണാടകയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. ആദ്യം രാജിവെച്ചത് കോണ്‍ഗ്രസിന്റെ 21 മന്ത്രിമാരാണ്. മന്ത്രിമാരെല്ലാം രാജിവെച്ചെന്നും ഉടന്‍ പുനസംഘടനയുണ്ടാവുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു.