| Tuesday, 22nd December 2020, 10:49 pm

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിനെ യുവജനവിഭാഗം ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ്; അബദ്ധം തുറുപ്പുച്ചീട്ടാക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാളെ യുവജനവിഭാഗം ജനറല്‍ സെക്രട്ടറിയായി നിയമിച്ച കോണ്‍ഗ്രസ് നടപടി വിവാദത്തില്‍. അബദ്ധം തിരിച്ചറിഞ്ഞതോടെ നിയമനം റദ്ദാക്കിയെങ്കിലും കോണ്‍ഗ്രസ് നടപടിക്കെതിരെ വ്യാപക ആക്ഷേപമാണ് ഉയരുന്നത്. പാര്‍ട്ടിയ്ക്ക് താഴെത്തട്ടിലുള്ളവരുമായുള്ള ബന്ധത്തിലെ വിള്ളലാണ് ഇത്തരം അബദ്ധങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ബി.ജെ.പി നേതാവായ ഹര്‍ഷിത് സിംഗായിയെയാണ് ജബല്‍പൂരിലെ യുവജനവിഭാഗം ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ അഭിനന്ദനങ്ങളുമായി തന്നെ സമീപിച്ചെന്ന് ഹര്‍ഷിത് പറഞ്ഞു. എന്നാല്‍ താന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ടെന്നും ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും ഹര്‍ഷിത് വെളിപ്പെടുത്തിയതോടെയാണ് കോണ്‍ഗ്രസിന് അമളി പറ്റിയ വിവരം പുറത്തായത്.

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം പാര്‍ട്ടി വിട്ടവരിലൊരാളാണ് താനെന്നും ഹര്‍ഷിത് പറഞ്ഞു. എന്നാല്‍ ഈ വിവരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക രേഖകളില്‍ കഴിഞ്ഞ 9 മാസമായി രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് ഇപ്പോള്‍ പറ്റിയ അബദ്ധത്തിന് കാരണമെന്നും ഹര്‍ഷിത് പറഞ്ഞു.

‘കഴിഞ്ഞ മാര്‍ച്ച് 10നാണ് സിന്ധ്യാജിയോടൊപ്പം ഞാന്‍ കോണ്‍ഗ്രസ് വിട്ടത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനായി മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയാണ് ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അതിലാണ് തെരഞ്ഞെടുപ്പ് നടത്തി ഞാന്‍ വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്’ ഹര്‍ഷിത് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിടുന്ന സമയത്ത് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍ അവര്‍ അത് ചെയ്തില്ലെന്നും ഹര്‍ഷിത് പറയുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും താന്‍ നേതൃത്വമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണമുള്‍പ്പടെയുള്ളവ എഴുതി തയ്യാറാക്കി കത്ത് നല്‍കിയാല്‍ മാത്രമെ പേര് ഒഴിവാക്കുകയുള്ളുവെന്നാണ് അന്ന് ലഭിച്ച മറുപടിയെന്ന് ഇദ്ദേഹം പറഞ്ഞു.

അന്ന് തന്നെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനും പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കും താന്‍ കത്തയച്ചിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു.

ഇതാണ് മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി. പാര്‍ട്ടിയില്‍ ഇല്ലാത്തവരെയാണ് ഉന്നതസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹര്‍ഷിതിന്റെ ആരോപണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുനാല്‍ ചൗധരി രംഗത്തെത്തിയിരുന്നു.

നോമിനേഷന്‍ പിന്‍വലിച്ചുവെന്ന് കള്ളം പറയുകയാണ് ഹര്‍ഷിത് എന്നും ഇത്തരം ആരോപണങ്ങള്‍ നടത്തി പാര്‍ട്ടിയെ അപമാനിക്കുകയാണെന്നും ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റ് കണ്ടയുടനെ തന്നെ നിയമനം റദ്ദാക്കിയെന്നും ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Congress Appoints Bjp Leader As Youth Wing General Seceretary

We use cookies to give you the best possible experience. Learn more