| Thursday, 21st May 2020, 1:30 pm

ബാറുകളിലൂടെ മദ്യം വിറ്റാല്‍ കോണ്‍ഗ്രസ് തടയും; സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ. മുരളീധരന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാറുകളിലൂടെ മദ്യം വിറ്റാല്‍ കോണ്‍ഗ്രസ് തടയുമെന്ന് കെ. മുരളീധരന്‍ എം.പി. മദ്യവില്‍പ്പനക്കെതിരെ കോണ്‍ഗ്രസ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷനെ കൊവിഡ് കാലത്തോടുകൂടി അടച്ചുപൂട്ടിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ബാറിലൂടെ മദ്യം വില്‍ക്കാനുള്ള തീരുമാനം ഇഷ്ടംപോലെ ആളുകളെ കുടിപ്പിക്കുന്ന സ്ഥിയിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ പോകുകയാണ്.

പലയിടത്തും ഞങ്ങളുടെ കുട്ടികള്‍ സമര രംഗത്തിറങ്ങും. അത് ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഈ സംസ്ഥാനത്തുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ മദ്യവില്‍പ്പന തുടങ്ങുന്നത് വൈകുമെന്നാണ് അറിയുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനായി തയ്യാറാക്കിയ ആപ്പിന് ഗൂഗിളിന്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. അതോടെ ട്രയല്‍ റണ്ണും നീളും. സാങ്കേതിക അനുമതി മാത്രമാണ് തടസമെന്ന് ബെവ്‌കോ അറിയിച്ചു.

ഇന്നലെ വൈകീട്ട് അനുമതി ലഭിക്കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്. എന്നാല്‍ അനുമതി ആയിട്ടില്ല. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും 24 മണിക്കൂറിനിടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെവ്‌കോ അറിയിച്ചു.

മദ്യശാലകളിലെ വെര്‍ച്വല്‍ ക്യൂവിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെ ആപ്പിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ആപ് പുറത്തിറക്കുന്നതിന് മുമ്പ് തന്നെ ഗൂഗിളില്‍ ആപ്പിനെയും ബെവ്കോയെയും തിരഞ്ഞ് കണ്ടുകിട്ടാതെ നിരാശരായിരിക്കുകയാണ് ഇവര്‍.

കഴിഞ്ഞ ഒരു മാസമായി ബെവ്കോ എന്ന കീവേഡ് തിരയുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് മുന്നില്‍ നിന്നിരുന്നത് പശ്ചിമബംഗാളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് ബംഗാളിനെ പിന്തള്ളി കേരളം മുന്നിലെത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more