| Tuesday, 9th July 2019, 11:51 am

ഇതിലൊന്നും താത്പര്യമില്ലെന്ന് പറയുന്ന രാജ്‌നാഥ് സിങ്ങും യെദ്യൂരപ്പയും മന്ത്രിമാരെ റാഞ്ചാന്‍ പി.എയെ അയച്ചു; വിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക പിടിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരേ പോലെ ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍.

ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ് പറഞ്ഞത് കര്‍ണാടകയില്‍ നടക്കുന്ന വിഷയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ്. അതിലൊന്നും തങ്ങള്‍ക്ക് താത്പര്യമില്ലെന്നും കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്നുമാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.

ബി.എസ് യെദ്യൂരപ്പയും ഇത് തന്നെ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇത് പറയുന്ന അതേസമയം തന്നെ ഞങ്ങളുടെ എല്ലാ മന്ത്രിമാരേയും ചാക്കിട്ടുപിടിക്കാന്‍ ബി.എസ് യെദ്യൂരപ്പ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയാണ് അയച്ചത്”- ഡി.കെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ബി.ജെ.പി നേതൃത്വമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വീഴുന്ന പക്ഷം ശക്തമായി തിരിച്ചടിക്കാനാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്നും കൃത്യമായ പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രമേ ബി.ജെ.പി ചിത്രത്തിലേക്ക് നേരിട്ട് പ്രവേശിക്കൂ എന്നുമാണ് ബി.ജെ.പി നേതാക്കള്‍ രഹസ്യമായി പ്രതികരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം വിധാന്‍സൗധയില്‍ പുരോഗമിക്കുകയാണ്. എം.എല്‍.എമാര്‍ക്കെല്ലാം വിപ് നല്‍കിയിട്ടുണ്ട്.

യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാന്‍ കക്ഷിനേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പേ ഈ ശുപാര്‍ശ പരിഗണിക്കാനും സാധ്യതയുണ്ട്. രാജിവച്ച എം.എല്‍.എമാരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

We use cookies to give you the best possible experience. Learn more