| Wednesday, 18th January 2023, 8:00 pm

ചുറ്റും ബി.ജെ.പിക്കാര്‍, പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ പോകാനാകുന്നില്ല; സംഘര്‍ഷത്തിന് പിന്നാലെ ത്രിപുരയിലെ കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. മജ്‌ലിസ്പൂരിലെ രണീര്‍ബസാറിലാണ് സംഭവം. അര മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ത്രിപുരയിലെ പ്രധാന കോണ്‍ഗ്രസ് നേതാവായ ഡോ. അജയ് കുമാറടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയിലേക്ക് പോലും പോകാനാകുന്നില്ലെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് ബര്‍മാന്‍ പറയുന്നത്.

പ്രവര്‍ത്തകര്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ തുടരുകയാണെന്നും എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. ത്രിപുരയിലെ ഒരു ബി.ജെ.പി മന്ത്രിയാണ് തങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും സുദീപ് ബര്‍മാന്‍ പറഞ്ഞു. മജ്‌ലിസ്പൂരടക്കമുള്ള അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മറ്റൊരു ദിവസം വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉന്നയിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ് നടക്കുക.

ഇതിനൊപ്പം ലക്ഷദ്വീപിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളുടെയും ഫലം പ്രഖ്യാപിക്കുക മാര്‍ച്ച് രണ്ടിനാണ്.

Content Highlight: Congress, BJP Supporters Clash In Tripura, Congress MLA says they are not able to take workers to hospital because of BJP

We use cookies to give you the best possible experience. Learn more