| Sunday, 17th March 2019, 10:54 pm

പരീക്കറുടെ മരണത്തിനു പിന്നാലെ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തിന് തൊട്ടു പിന്നാലെ അടിയന്തര യോഗം വിളിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും. ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോള്‍ വ്യത്യസ്ത യോഗങ്ങള്‍ നടത്തിവരികയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഭരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നു തന്നെ രാജ്ഭവനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവയില്‍ മനോഹര്‍ പരീക്കര്‍ നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന് പിന്തുണ നഷ്ടപെട്ടുവെന്നും അതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് ഘടകം ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. ബി.ജെ.പി. എം.എല്‍.എ. ഫ്രാന്‍സിസ് ഡിസൂസ മരണപെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിനല്ല ഭൂരിപക്ഷം നഷ്ടപ്പെട്ടതെന്നാണ് ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹയെ കോണ്‍ഗ്രസ് അറിയിച്ചത്.

ഗോവയെ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ കൊണ്ട് വരാന്‍ അനുവദിക്കരുതെന്നും അത് ഭരണഘടനയുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് ഗവര്‍ണറെ ബോധിപ്പിച്ചിട്ടുണ്ട്.

ഇതിന് തൊട്ടു പിന്നാലെയായിരുന്നു മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണം. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പി എം.എല്‍.എമാരുടെ 12 ആയി കുറഞ്ഞിരിക്കുകയാണ്. 14 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് ഇന്ന് രാത്രി തന്നെ വീണ്ടും ഗവര്‍ണറെ സമീപിക്കുമെന്നാണ് സൂചനയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

രണ്ട് ബി.ജെ.പി. എം.എല്‍.എമാര്‍ രാജിവെച്ചതും, ഡിസൂസയും പരീക്കറും മരണപ്പെട്ടതും കാരണം ബി.ജെ.പി സഖ്യത്തിലെ എം.എല്‍.എമാരുടെ നിയമസഭാ പ്രാതിനിധ്യം ഇപ്പോള്‍ 36 മാത്രമാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 23ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Also Read മനോഹര്‍ പരീക്കറിന്റെ മരണം; തിങ്കളാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ബി.ജെ.പി. നയിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഗോവ നിയമസഭയില്‍ ന്യൂനപക്ഷമാണെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രകാന്ത് കവ്‌ലേക്കര്‍ പറഞ്ഞിരുന്നു. ബി.ജെ.പി പാര്‍ട്ടി അംഗത്തെ പോലെയാണ് സംസ്ഥാനത്തെ ഗവര്‍ണര്‍ മൃദുല സിന്‍ഹ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more