national news
മാധ്യമപ്രവർത്തകൻ അറസ്റ്റിലായ സംഭവം; തൃണമൂലിനെതിരെ ബി.ജെ.പിയും കോൺഗ്രസും
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദളിത് യുവതിയെ മർദ്ദിച്ച കുറ്റത്തിന് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്ത്. വ്യാജമദ്യ വില്പനയെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ റിപ്പോർട്ടുകളാണ് നടപടിക്ക് കാരണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സെപ്റ്റംബർ 6നാണ് ആനന്ദബസാർ പത്രികയിലെ കറസ്‌പോണ്ടന്റ് ആയ ദേബ്മല്യ ബാഗ്ച്ചിയെ അയൽവാസിയായ ദളിത് യുവതിയെ മർദ്ദിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 27ന് വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന യുവതിയെയും ബന്ധുക്കളെയും ബാഗ്ച്ചി ജാതീയ അധിക്ഷേപം നടത്തിയെന്നും ഇതിനെ ചോദ്യം ചെയ്തതിന് മർദ്ദിച്ചെന്നുമാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച ഖരഗ്പൂർ മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വ്യാജമദ്യ വില്പനക്കാരെ കുറിച്ച് ഈയിടെ ബാഗ്ച്ചി ലേഖനം എഴുതിയിരുന്നു. ഒരു ലേഖനത്തിൽ പ്രാദേശിക ഭരണകൂടം വിഷയത്തിൽ ഉദാസീനത കാണിക്കുന്നുവെന്നും മറ്റൊരു ലേഖനത്തിൽ തങ്ങൾക്കെതിരെ പരാതിപ്പെടുന്നവരെ മദ്യവില്പനക്കാർ വീടുകളിൽ ഗരാവോ ചെയ്യുന്നുവെന്നും പറയുന്നു.
ബാഗ്ച്ചിയുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതി.
‘ദേബ്മല്യ ബാഗ്ച്ചിയുടെ അറസ്റ്റ് ഇന്ത്യൻ രാഷ്ട്രീയത്തിന് തെറ്റായ സന്ദേശമാണ് നൽകുക. ഇതിനെ മുന്നിൽ കണ്ട് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കാൻ വേണ്ടത് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു,’ അദ്ദേഹം എഴുതിയ കത്തിൽ പറയുന്നു.
തിങ്കളാഴ്ച, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി ബാഗ്ച്ചിയെ ജയിലിൽ പോയി കാണാൻ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചു. മമത ബാനർജിയുടെ ഏകാധിപത്യ ഭരണത്തിന് കീഴിൽ അർധ അടിയന്തരാവസ്ഥയിലാണ് പശ്ചിമ ബംഗാൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വ്യാജമദ്യ വില്പനക്കാരുടെ ഭീഷണി വെളിച്ചത്ത് കൊണ്ട് വന്നതിന് മമതയുടെ പൊലീസ് ബാഗ്ച്ചിയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഞാൻ എന്റെ ശബ്ദം ഉയർത്തിയിരുന്നു. ഇന്നലെ ഘട്ടൽ ജാഥയിലും ഞാൻ എന്റെ നിലപാട് ആവർത്തിച്ചു. ഇപ്പോൾ, മമതയുടെ നിർദേശ പ്രകാരം പൊലീസും ജയിൽ അധികൃതരും അദ്ദേഹത്തെ കാണാൻ ആരെയും അനുവദിക്കുന്നില്ല,’ അധികാരി എക്‌സിൽ കുറിച്ചു.
ആനന്ദബസാർ പത്രികയുടെ എഡിറ്റർ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസും വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞത്.
Content Highlight: Congress, BJP against Trinamool in the arrest of Anandabazar pathrika journalist