തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പര്യടനം ആരംഭിക്കും. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിക്കും.
ശനിയാഴ്ച രാത്രിയോടെയാണ് യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചെറുവാരകോണത്തെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജാഥയെ സ്വീകരിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം.
രാവിലെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെ.പി.സി.സി അറിയിച്ചു. എന്നാല്‍, വൈകീട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് കെ.പി.സി.സി തീരുമാനം. കേരളത്തില്‍ 19 ദിവസമാണ് പര്യടനം.
ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 11 മുതല്‍ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
കേരളത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകും.