ന്യൂദൽഹി: കോൺഗ്രസ് ഭരിക്കുന്നത് അർബൻ നക്‌സലുകളുടെ സംഘമാണെന്നും ആ പാർട്ടിയുടെ അപകടകരമായ അജണ്ടയെ പരാജയപ്പെടുത്താൻ ജനങ്ങളോട് ഒന്നിക്കണമെന്നുമുള്ള വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർ കരുതുന്നതായി മോദി പറഞ്ഞു. ഒപ്പം കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ഒന്നിച്ച് ബി.ജെ.പിയോടൊപ്പം നിലകൊള്ളണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യയെക്കുറിച്ച് നല്ല ഉദ്ദേശം പുലർത്തുന്ന ആളുകളുമായി കോൺഗ്രസ് ഒട്ടുംതന്നെ അടുത്തുനിൽക്കുന്നില്ലെന്നും മോദി ആരോപിച്ചു. അതോടൊപ്പം അർബൻ നക്സലുകളാണ് കോൺഗ്രസ് ഭരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് അടുത്തിടെ ദൽഹിയിൽ നിന്ന് പിടികൂടിയിരുന്നു. ഒരു കോൺഗ്രസ് നേതാവ് ഇതിനുപിന്നിൽ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് കിട്ടുന്ന പണത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു.
‘ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദളിതരെയും പിന്നോക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി കണക്കാക്കുന്നില്ല. ഇന്ത്യ ഒരു കുടുംബം മാത്രം ഭരിക്കണമെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് ബഞ്ചാര സമുദായത്തോട് അവർ എപ്പോഴും അപകീർത്തിപരമായ മനോഭാവം പുലർത്തുന്നത് , ‘ മോദി പറഞ്ഞു.
പിന്നാലെ പൊഹരാദേവിയിലെ ജഗദംബ മാതാ ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി. സന്ത് സേവലാൽ മഹാരാജിനും സന്ത് റാംറാവു മഹാരാജിനും പൊഹരാദേവിയിലെ അവരുടെ സമാധികളിൽ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlight: Congress being run by gang of urban Naxals, says PM Modi