മിഡ്‌നാപ്പൂര്‍: തൃണമൂല്‍ മന്ത്രിസഭാംഗമെത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുകാരനായ വിദ്യാര്‍ത്ഥിയെ തൃണമൂല്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. പശ്ചിമ മിഡ്‌നാപ്പൂരിലെ സബാങ് സജനികാന്ത് മഹാവിദ്യാലയ കോളജിലെ വിദ്യാര്‍ഥിയായ കൃഷ്ണ പ്രസാദ് ജനയാണ് കൊല്ലപ്പെട്ടത്.
കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന കൃഷ്ണ പ്രസാദ് കോളേജിലെത്തിയ തൃണമൂല്‍ മന്ത്രി സൗമന്‍ മഹാപത്രക്കനുകൂലമായി മുദ്രാവാക്യം വിളിക്കാത്തതിനാണ് അക്രമിക്കപ്പെട്ടത്. മന്ത്രിക്ക് അഭിവാദനം അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-തൃണമൂല്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തന്നെ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചാണ് കൃഷ്ണ പ്രസാദിനെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അക്രമികള്‍ അടിച്ച് വീഴ്ത്തിയത്. വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. സി.പി.ഐ.എം, ബി.ജെ.പി തുടങ്ങിയ കക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരല്ലെന്നും വിദ്യാര്‍്ത്ഥി സംഘട്ടനത്തെ തുടര്‍ന്നാണ് മരണമെന്നുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.