ഇ.വി.എം അട്ടിമറി നടന്നു; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിങ് മെഷീനേയും പറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ്
Bihar Election 2020
ഇ.വി.എം അട്ടിമറി നടന്നു; ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിങ് മെഷീനേയും പറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 2:10 pm

 

പാട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്. ഉപഗ്രങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്.

‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു’ ഉദിത് രാജ് ട്വീറ്റ് ചെയ്തത്.

ബീഹാറില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിലവില്‍ 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

സഖ്യകക്ഷിയായ ആര്‍.ജെ.ഡി 62 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബി.ജെ.പി 75 സീറ്റുകളില്‍ മുന്നിലാണ്. അതേസമയം നിതീഷ് കുമാറിന്റെ ജെ.ഡി.യു 51 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ആണ് മുന്നേറുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

74 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡെന്നതിനാല്‍ അന്തിമ ഫലം എന്താകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇതില്‍ തന്നെ 42 മണ്ഡലങ്ങളില്‍ വോട്ട് വ്യത്യാസം അഞ്ഞൂറില്‍ താഴെ മാത്രമാണ്. ഏഴ് മണ്ഡലങ്ങളില്‍ വോട്ട് വ്യത്യാസം ഇരുന്നൂറില്‍ താഴെ മാത്രമാണ്.

ബീഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാല്‍ ഫലം രാത്രി വൈകിയോടെ മാത്രമേ പുറത്തുവരികയുള്ളു. നാലില്‍ ഒന്ന് വോട്ടുകള്‍ മാത്രമേ എണ്ണിതീര്‍ന്നിട്ടുള്ളു എന്ന് ബീഹാര്‍ ചീഫ് ഇലക്ട്റല്‍ ഓഫീസര്‍ ശ്രീനിവാസ് അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു വോട്ടെണ്ണല്‍ നടക്കുന്നതിനാലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതെന്നും ബീഹാര്‍ സി.ഇ.ഒ വ്യക്തമാക്കി

വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 15 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar polls Congress accuses EVM hacking