| Wednesday, 9th August 2023, 9:15 am

വോട്ടെണ്ണല്‍ ദിവസം പള്ളിപ്പെരുന്നാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതില്‍ പരാതിയുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി. മണര്‍കാട് പള്ളിപ്പെരുന്നാള്‍ പ്രമാണിച്ച് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാജു പറഞ്ഞു.

വോട്ടെണ്ണല്‍ തീയതിയായ സെപ്റ്റംബര്‍ എട്ടിനാണ് മണര്‍കാട് വിശുദ്ധ മാര്‍ത്തോമറിയം കത്തീഡ്രല്‍ പള്ളിയിലെ പെരുന്നാളിന്റെ അവസാനദിനം. അന്നേദിവസം റോഡ് നിയന്ത്രണം വരെയുണ്ടാകും. അതുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.കെ. രാജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ പോലും പോളിങ് സ്‌റ്റേഷന്‍ ഉണ്ടാകാറുണ്ട്. പള്ളിപ്പെരുന്നാളിന് മുമ്പോ ശേഷമോ ആയാല്‍ പ്രശ്‌നമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്,’ കെ.കെ. രാജു പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് പോളിങ്ങ് നടക്കുക. എട്ടിന് വോട്ടെണ്ണല്‍ നടക്കും.

ഓഗസ്റ്റ് പത്തിന് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വരും. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.


Content Highlights: Congress Ayrakunnam block committee has filed a complaint about Pudupally by-election

We use cookies to give you the best possible experience. Learn more