ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. #ModiLiesAtRedFort എന്ന ഹാഷ് ടാഗോടുകൂടി ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. ട്വിറ്ററില്‍ ട്രന്റിങില്‍ നില്‍ക്കുന്ന ഹാഷ് ടാഗ് കൂടിയാണിത്.
സമ്പദ് വ്യവസ്ഥയെക്കുറിച്ചും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുമുള്ള മോദിയുടെ പ്രസ്താവനയില്‍ ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ജി.എസ്.ടി നടപ്പിലാക്കിയത് വഴി പ്രധാനമന്ത്രി പറഞ്ഞത് ഒറ്റ രാജ്യം ഒറ്റ നികുതി എന്നായിരുന്നു. എന്നാല്‍ നികുതി സമ്പ്രദായത്തില്‍ രാജ്യത്ത് ഇപ്പോഴും അഞ്ച് സ്ലാബുകളുണ്ടെന്നും ഒറ്റ നികുതി എന്നത് വളരെ വിദൂരമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
‘രാജ്യത്ത് നടപ്പാക്കിയ ജി.എസ്.ടി, സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ഒന്നിലധികം ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുകയുമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് സംസാരിക്കുമ്പോള്‍ നമ്മള്‍ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. അത് നമ്മുടെ കടമയാണ്.’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് വ്യാപാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
‘എപ്പോഴാണോ സര്‍ക്കാര്‍ സ്ഥിരതയുള്ളതാവുന്നത് അപ്പോള്‍ മാത്രമെ ലോകം നിങ്ങളെ വിശ്വസിക്കുകയുള്ളു. ഇപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയെ വളരെ പ്രതീക്ഷയോട് കൂടിയാണ് കാണുന്നത്. അവര്‍ നമ്മളുമായി വാണിജ്യബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.’ എന്നായിരുന്നു മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഭാഗം.
എന്നാല്‍ അതിനെ എതിര്‍ത്തുകൊണ്ട്, ‘ രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപം കുറയ്ക്കുന്നതിനും പ്രധാന പങ്കാളികളുമായുള്ള വ്യാപാര ബന്ധം നശിപ്പിക്കുന്നതിനും രൂപയെ ഏറ്റവും താഴ്ന്ന നിലയിലാക്കുന്നതിനും രാജ്യത്തെ കയറ്റുമതി വ്യവസായത്തെ നശിപ്പിക്കുന്നതിനും പൂര്‍ണ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.
വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ആഗോള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 100 കോടി രൂപ നിക്ഷേപിക്കുമെന്നുമുള്ള മോദിയുടെ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിലവിലത്തെ ചെലവുകളും കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ, പണം എവിടെ?. കോണ്‍ഗ്രസ് ചോദിക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ ഒറ്റ രാജ്യം ഒറ്റ ഭരണഘടന എന്ന പ്രസ്താവനയില്‍ മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കശ്മീരിന്റെ പ്രത്യേക പദവ് എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വിമര്‍ശിച്ചു.