ഈ പരിഹാസം ജൈവികമല്ലാത്ത പ്രധാനമന്ത്രിയുടെ പാരമ്പര്യം; എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന വാദത്തിൽ കോൺഗ്രസ്
national news
ഈ പരിഹാസം ജൈവികമല്ലാത്ത പ്രധാനമന്ത്രിയുടെ പാരമ്പര്യം; എട്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന വാദത്തിൽ കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 7:58 am

ന്യൂദൽഹി: എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന കേന്ദ്രത്തിൻ്റെ അവകാശവാദത്തെ എതിർത്ത് കോൺഗ്രസ്. ഇന്ത്യ വലിയ രീതിയിൽ തൊഴിലില്ലയ്മ പ്രശ്‌നം അനുഭവിക്കുമ്പോൾ ജൈവികമല്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നുണ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘സമ്പദ്‌വ്യവസ്ഥ 80 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന അവകാശവാദവുമായി സ്വയം ദൈവം എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി തന്നെ വാദിച്ചു കൊണ്ടിരിക്കുന്നു.

സ്വകാര്യ നിക്ഷേപം ദുർബലവും ഉപഭോഗ വളർച്ച മന്ദഗതിയിലുമായ മോദി കാലത്തെ സമ്പദ്‌വ്യവസ്ഥയുടെ ഭയാനകമായ യാഥാർത്ഥ്യങ്ങളുമായി തൊഴിലവസരങ്ങളുടെ കണക്കുകളിൽ ആരോപിക്കപ്പെടുന്ന വളർച്ച പൊരുത്തപ്പെടുന്നില്ല എന്നതാണ് സത്യം,’ ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനുള്ളിൽ എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് തൊഴിലില്ലായ്മയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിശബ്ദരാക്കിയെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

തൊഴിലിന്റെ ഗുണനിലവാരവും സാഹചര്യങ്ങളും ശ്രദ്ധിക്കാതെ, തൊഴിലുണ്ടെന്ന് അവകാശപ്പെടാൻ സർക്കാർ ചില വിചിത്രമായ കണക്കുകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഈ പരിഹാസം ജെവികമല്ലാത്ത പ്രധാനമന്ത്രിയുടെ സാമ്പത്തിക പാരമ്പര്യമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

‘കൊവിഡ്-19 പാൻഡെമിക് വർഷങ്ങളിൽ, സമ്പദ്‌വ്യവസ്ഥയുടെ വലിയ വിഭാഗങ്ങൾ പൂർണമായും അടച്ചുപൂട്ടുമ്പോൾ, ആർ.ബി.ഐയുടെ ഡാറ്റ തൊഴിലവസരങ്ങളിൽ വർധനവ് കാണിക്കുന്നതും വഞ്ചനയാണ്. വിദ്യാഭ്യാസം പോലുള്ള നിർണായക മേഖലകളിൽ 2020-2021 ൽ 12 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞു,’ ജയറാം രമേശ് കൂട്ടിച്ചേർത്തു.

Content Highlight: Congress attacks govt over ‘8 crore new jobs’ claim