| Thursday, 12th January 2023, 10:04 pm

'ചായ് പേ ചര്‍ച്ച' വിട്ട് 'ചൈന പേ ചര്‍ച്ച'യിലേക്ക് എപ്പൊ കടക്കും? മോദിയോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ എന്നായിരിക്കും ചര്‍ച്ച നടത്തുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്.

ചൈനയുമായി ബന്ധപ്പെട്ട് 2022ല്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ‘വിനാശകരമായ പിഴവുകളുടെ’ (catastrophic mistakes) കലണ്ടര്‍ പുറത്തിറക്കിക്കൊണ്ട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര (Pawan Khera).

ലഡാക്കിലെ ഇന്ത്യന്‍ പ്രദേശം ചൈന കൈവശപ്പെടുത്തുന്നത് തുടരുകയാണെന്നും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പഴയ സ്ഥിതി പുനഃസ്ഥാപിച്ചിട്ടില്ലെന്നും പവന്‍ ഖേര പ്രധാനമന്ത്രി മോദിയോടുള്ള തന്റെ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പറഞ്ഞു.

2014ന് ശേഷം പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി 18 തവണ കൂടിക്കാഴ്ച നടത്തി. ഇന്ത്യ 17 റൗണ്ട് സൈനികതല ചര്‍ച്ചകള്‍ നടത്തി. ഗാല്‍വാനില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷവും ചൈനീസ് ഇറക്കുമതി 45 ശതമാനം വര്‍ധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 3560 ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനീസ് ഡയറക്ടര്‍മാരാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

”പുതുവര്‍ഷം ആരംഭിക്കുന്ന ഈ പശ്ചാത്തലത്തില്‍, ഞങ്ങള്‍ പ്രധാനമന്ത്രി മോദിയോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.

PP10, PP11, PP11A, PP12, PP13 എന്നീ പട്രോളിംഗ് പോയിന്റുകളില്‍ ഡെപ്സാങ് പ്ലെയിന്‍സിലെ (Depsang Plains) Y- ജങ്ഷന്‍ വരെയുള്ള ഇന്ത്യന്‍ പ്രദേശം ചൈന കൈവശപ്പെടുത്തുന്നത് തുടരുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പഴയസ്ഥിതി പുനഃസ്ഥാപിക്കാത്തത്?

ഡോക്ലാമില്‍ (Doklam) ‘ജാംഫെരി റിഡ്ജ്’ (Jampheri Ridge) വരെയുള്ള ചൈനയുടെ നിര്‍മാണം ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് (Siliguri Corridor) ഭീഷണിയാണ്. 2023ല്‍ എങ്കിലും നമുക്കൊരു ‘ചൈന പേ ചര്‍ച്ച’ ഉണ്ടാകുമോ?,” പവന്‍ ഖേര ചോദിച്ചു.

Content Highlight: Congress asks PM Modi, When Will We Have “China Pe Charcha” In Parliament

We use cookies to give you the best possible experience. Learn more