| Sunday, 20th May 2018, 8:04 pm

കര്‍ണാടകയിലെ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് അഴിമതിക്കെതിരായ നിലപാട് തെളിയിക്കൂ: മോദിയോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പ്രതിബദ്ധത അങ്ങനെ തെളിയിക്കട്ടെ എന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

“നിലവിലെ സാഹചര്യത്തില്‍ ശത്രിക്കളെയുണ്ടാക്കാനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് സുഹൃത്തുക്കളെയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ വീടുവീടാന്തരം മോദി(ഘര്‍ ഘര്‍ മോദി) എന്നതായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. 2019ല്‍ ഇതിന്റെ ആവശ്യം വരില്ല. ബൈ ബൈ മോദി എന്നാവും ജനങ്ങള്‍ പറയുക”. ഷെര്‍ഗില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന് വര്‍ഷം മുഴുവന്‍ എന്ത് കൊണ്ട് അത് പറ്റില്ല എന്നും അദ്ദേഹം ചോദിച്ചു. കര്‍ണാടക മുന്നില്‍ കണ്ട് അങ്ങനെ ചെയ്‌തെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം കാണാതിരിക്കുന്നതെന്തിനാണ്. പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുന്നത്. ഈ തുകയുപയോഗിച്ചാണ് കര്‍ണാടകയില്‍ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി ഉദ്ദേശിച്ചത്, ഷെര്‍ഗീല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more