'ബി.ജെ.പി സ്വീകരിക്കേണ്ട ഏഴ് പുതുവത്സര പ്രതിജ്ഞകള്‍'; നിര്‍ദേശവുമായി കോണ്‍ഗ്രസ്
national news
'ബി.ജെ.പി സ്വീകരിക്കേണ്ട ഏഴ് പുതുവത്സര പ്രതിജ്ഞകള്‍'; നിര്‍ദേശവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2020, 12:09 am

ന്യൂദല്‍ഹി: ജനാധിപത്യതത്വങ്ങള്‍ പാലിക്കുക, സത്യം പറയാന്‍ പഠിക്കുക തുടങ്ങി ബി.ജെ.പിക്ക് ഏഴ് പുതുവത്സരപ്രതിജ്ഞകള്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസ്. സാധാരണഗതിയില്‍ പലര്‍ക്കും പുതുവത്സര പ്രതിജ്ഞകള്‍ പാലിക്കാന്‍ സാധിക്കാറില്ലെന്നും എന്നാല്‍ മെച്ചപ്പെട്ടതും കൂടുതല്‍ ജനാധിപത്യപരവുമായ ഒരു ഭരണരീതിക്കായി ഇത് പാലിക്കാന്‍ ഞങ്ങള്‍ ബി.ജെ.പിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ട ഏഴ് പുതുവത്സര പ്രതിജ്ഞകള്‍ എന്ന തലക്കെട്ടോടെയാണ് കോണ്‍ഗ്രസ് ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

‘ബി.ജെ.പി നേതാക്കള്‍ നന്നായി ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യും, പരസ്യപ്രചാരണത്തിനായി കുറഞ്ഞ പണം മാത്രം ചെലവഴിക്കും, ഭരണഘടന നന്നായി പഠിക്കുകയും കൂടുതല്‍ സമയം ഇന്ത്യയില്‍ ചെലവഴിക്കുകയും ചെയ്യും’ തുടങ്ങിയ പ്രതിജ്ഞകളാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കായി നിര്‍ദേശിക്കുന്നത്.

ജനാധിപത്യതത്വങ്ങള്‍ പാലിക്കുകയെന്നതാണ് ആദ്യത്തെ പ്രതിജ്ഞ. അതിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, ദേശീയ പൗരത്വപട്ടിക, പൗരത്വഭേദഗതി നിയമം തുടങ്ങിയ ഉദാഹരണങ്ങള്‍ മുന്നോട്ട് വെച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം നിര്‍ദേശിച്ചത്.

രണ്ടാമതായി ബി.ജെ.പിയുടെ പുരുഷാധിപത്യത്തിന്റെ ഭാരം കുറക്കണമെന്നും ഇതില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരേയും വനിതാ സംവരണ ബില്‍ നടപ്പാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടികാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി 55 മാസം കൊണ്ട് 92 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിനായി 2,021 കോടി രൂപയോളം ചെലവഴിച്ചു. എന്നാല്‍ അദ്ദേഹം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ക്യാമ്പയിനിങ്ങിനും വിദേശയാത്രക്കുമായി ചെലവഴിക്കുന്ന സമയം കുറക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു.

പരസ്യപ്രചാരണത്തിനായി ബി.ജെ.പി ചെലവഴിക്കുന്ന പണത്തിന്റെ അളവിനേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബി.ജെ.പി പരസ്യപ്രചാരണത്തിനായി 17 കോടിരൂപയോളം ചെലവഴിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ