| Saturday, 14th July 2018, 8:21 am

'ആരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ധനകാര്യമന്ത്രി? അതേക്കുറിച്ച് എഴുതൂ': ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ധനകാര്യമന്ത്രി ആരാണെന്നതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ എഴുതേണ്ടതെന്ന് അരുണ്‍ ജയ്റ്റ്‌ലിയോട് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ടുള്ള ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് കുറിപ്പിനോടു പ്രതികരിക്കവേയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചെഴുതാന്‍ കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടത്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയ്ക്കു വരുത്തിവച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് എഴുതിക്കൂടേയെന്നായിരുന്നു സുര്‍ജേവാലയുടെ ചോദ്യം.

“ഗ്രാമീണ ഇന്ത്യയ്ക്ക് കോണ്‍ഗ്രസ്സ് നല്‍കിയത് മുദ്രാവാക്യങ്ങളാണ്, മോദി നല്‍കിയത് വിഭവങ്ങളും” എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് കോണ്‍ഗ്രസ്സിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ജയ്റ്റ്‌ലി നടത്തിയത്. 1970കളിലും 80കളിലും കോണ്‍ഗ്രസ്സ് പിന്തുടര്‍ന്നു വന്ന മാതൃക പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുടേതായിരുന്നുവെന്നും ജനക്ഷേമത്തിനായുള്ള നയങ്ങളും ധനവിനിയോഗവും ഒട്ടുമുണ്ടായിരുന്നില്ലെന്നുമാണ് ജയ്റ്റ്‌ലിയുടെ ആരോപണം.


Also Read: പെണ്‍കുട്ടിയുടെ പീഡനാരോപണം; ഗുജറാത്ത് ബി.ജെ.പി ഉപാധ്യക്ഷന്‍ രാജി വെച്ചു


“അങ്ങേയറ്റം വിനീതമായി കൈകൂപ്പിക്കൊണ്ട് ഞാന്‍ ശ്രീ അരുണ്‍ ജയ്റ്റ്‌ലിയോട് അപേക്ഷിക്കുകയാണ്, ഇന്ത്യയുടെ ധനകാര്യമന്ത്രി ആരാണെന്നതിനെക്കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പെഴുതൂ. ആ നിഗൂഢതയ്ക്ക് ഒരു അന്ത്യം കാണുകയെന്നതാണ് അദ്ദേഹം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.” ജയ്റ്റ്‌ലിയുടെ പരാമര്‍ശത്തോടു പ്രതികരിച്ചുകൊണ്ട് സുര്‍ജേവാല പറഞ്ഞു.

ഇന്ത്യയുടെ യഥാര്‍ത്ഥ ധനകാര്യമന്ത്രി ജയ്റ്റ്‌ലിയാണോ അതോ പീയൂഷ് ഗോയലാണോ എന്ന് വ്യക്തമാക്കണമെന്നും അതുവഴി ഇപ്പോഴത്തെ ശോചനീയാവസ്ഥയിലേക്ക് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തള്ളിയിടുന്നത് ആരാണെന്നെങ്കിലും തിരിച്ചറിയാന്‍ ജനങ്ങള്‍ക്കു സാധിക്കുമല്ലോയെന്നുമായിരുന്നു സുര്‍ജേവാലയുടെ പരിഹാസം.

“മോദിണോമിക്‌സ്” ഇന്ത്യയ്ക്കു വരുത്തിവച്ച സാമ്പത്തിക പരാധീനതകളെക്കുറിച്ചും എഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണപ്പെരുപ്പം 5-6 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. വ്യാവസായികോത്പാദന നിരക്ക് കുത്തനെ കുറയുകയും കയറ്റുമതി 19 ലക്ഷത്തില്‍ നിന്നും 10 ലക്ഷത്തിലെത്തുകയും ചെയ്തു. ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു, സുര്‍ജേവാല ചൂണ്ടിക്കാട്ടി.


Also Read: അഭിമന്യു വധം; തിരുവനന്തപുരത്ത് രണ്ട് പേര്‍ കൂടി പിടിയില്‍


“പ്രത്യേക ചുമതലകളില്ലാത്ത മന്ത്രിമാര്‍ കാര്‍ഷികരംഗത്തെക്കുറിച്ച് സംസാരിക്കുന്നു, കൃഷിമന്ത്രി പ്രതിരോധത്തെക്കുറിച്ച് സംസാരിക്കുന്നു, പ്രതിരോധമന്ത്രി സാമൂഹ്യ നീതിയെക്കുറിച്ചും സാമൂഹ്യക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നയാള്‍ വിദേശകാര്യ നയങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇവിടെ ധനകാര്യമന്ത്രി യഥാര്‍ത്ഥത്തില്‍ ആരെന്നെങ്കിലും പറഞ്ഞു തരൂ”

ഏറ്റവും കുറവ് ഭരണകര്‍ത്താക്കള്‍, ഏറ്റവും കൂടുതല്‍ ഭരണനിര്‍വഹണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മുദ്രാവാക്യമെങ്കിലും ഇപ്പോള്‍ ഭരണകൂടം തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും സുര്‍ജേവാല ആരോപിച്ചു.മേയില്‍ ജയ്റ്റ്‌ലി കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയയ്ക്കു വിധേയനായ കാലയളവില്‍ ധനകാര്യ വിഭാഗം കൈകാര്യം ചെയ്തത് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ആയിരുന്നു.

We use cookies to give you the best possible experience. Learn more