| Friday, 26th August 2022, 8:56 am

അദാനിക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നത് ആരാണെന്ന് ജനം അറിയേണ്ടതുണ്ട്: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ബാങ്ക് വായ്പകള്‍ കൊണ്ട് സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ബാങ്കുകളെ വഴിവിട്ട് വായ്പ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ആരാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ്.

കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവരുടെ ചില സുഹൃത്തുക്കള്‍ക്ക് മാത്രമായി ബാങ്കുകള്‍ വായ്പ നല്‍കുന്നത് സമ്പദ്‌വ്യവസ്ഥക്ക് ആശങ്ക സൃഷ്ടിക്കുന്നതായി കോണ്‍ഗ്രസ് വക്താക്കളായ ജയ്‌റാം രമേശ്, ഗൗരവ് വല്ലഭ് എന്നിവര്‍ പറഞ്ഞു.

2020 ഏപ്രില്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലത്ത് അദാനി ഗ്രൂപ്പ് നേടിയ 48,000 കോടി രൂപയുടെ പ്രധാന വായ്പകളില്‍ 40 ശതമാനവും നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എസ്.ബി.ഐ 18,770 കോടിയാണ് വായ്പ നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ക്കുമേല്‍ വായ്പ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നത് ആരാണെന്ന് ജനം അറിയേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഗൗതം അദാനി നയിക്കുന്ന കമ്പനികളുടെ മൊത്തം കടബാധ്യത 2.30 ലക്ഷം കോടിയാണെന്ന് ന്യൂയോര്‍ക് കേന്ദ്രമായ വായ്പ നിരീക്ഷണ ഏജന്‍സി ക്രെഡിറ്റ് സൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എല്ലാവിധ കരാറുകളും തന്റെ സുഹൃത്തുക്കള്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തുന്നു. അവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ ബാങ്കുകളുടെ കലവറ തുറന്നുകൊടുക്കുന്നു. വായ്പാഭാരത്തിന്റെ അപകടം കണക്കിലെടുക്കാതെതന്നെ 2.3 ലക്ഷം കോടി വായ്പ അനുവദിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് കോര്‍പറേറ്റ് സുഹൃത്തുക്കളെ കൊഴുപ്പിക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്.

ഏറ്റവുമൊടുവില്‍ കണ്‍കെട്ടുവിദ്യപോലെ എന്‍.ഡി.ടി.വിയുടെ 29.19 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് കൈക്കലാക്കി. ചാനല്‍ തുടങ്ങിയവരോട് സംസാരിക്കുകയോ അനുമതി നേടുകയോ ചെയ്യാതെയാണിത്. 26 ശതമാനംകൂടി വാങ്ങുകയുമാണ്. പിന്നാമ്പുറത്തുകൂടി ഓഹരി കൈക്കലാക്കിയ വിഷയം ധനമന്ത്രാലയവും ഓഹരി വിപണി നിയന്ത്രകരായ ‘സെബി’യും കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധിച്ചുവെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ പറഞ്ഞ കാര്യവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ വായ്പാ രീതിയും അപകടകരമാണ്. നടപ്പു സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ വായ്പാ ബാധ്യത 152.17 ലക്ഷം കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. 2013-14ല്‍ ഇത് 55.9 ലക്ഷം കോടി മാത്രമായിരുന്നു. ആളോഹരി വായ്പാ ബാധ്യത 2014 മാര്‍ച്ച് 31ന് 43,124 രൂപയായിരുന്നത് ഇപ്പോള്‍ 1.09 ലക്ഷം രൂപയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Content Highlight: Congress asking Who is forcing banks to give loans to Adani

We use cookies to give you the best possible experience. Learn more