ന്യൂദല്‍ഹി: ബോളിവുഡ് താരം ദീപിക പദുകോണിന്റെ ജെ.എന്‍.യു സന്ദര്‍ശനത്തെ വിമര്‍ശിച്ച ബി.ജെ.പിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ദീപികയുടെ സന്ദര്‍ശനം പുതിയ സിനിമയുടെ പ്രചാരണത്തിനാണെന്ന് ബി.ജെ.പിയുടെ വാദത്തിനെതിരെയാണ് പവന്‍ ഖേര രംഗത്ത് എത്തിയത്.
ജെ.എന്‍.യു സന്ദര്‍ശനത്തിന് പകരം ദീപിക നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയമായിരുന്നോ സന്ദര്‍ശിക്കേണ്ടത് എന്ന് ഖേര ചോദിച്ചു.
‘ഇത്രയേയുള്ളൂ നമ്മുടെ സര്‍ക്കാര്‍. അവര്‍ ഇത്രത്തോളം തരംതാഴ്ന്നുകഴിഞ്ഞു. ഒരു ചലച്ചിത്രതാരം പ്രതിഷേധത്തെ പിന്തുണച്ചാല്‍ അവര്‍ക്കെതിരെ ബിജെപി ട്വീറ്റ് ചെയ്യും, അവരുട സിനിമ ബഹിഷ്‌കരിക്കും, സന്ദര്‍ശനത്തെ സിനിമയുടെ പ്രചാരണ പരിപാടിയായി വ്യാഖ്യാനിക്കും. സിനിമയുടെ പ്രചാരണത്തിനായി നാഗ്പൂരിലെ കാര്യാലയത്തിലേക്ക് ആയിരുന്നോ പോകേണ്ടിയിരുന്നത്, എന്നും ഖേര ചോദിച്ചു.
രാജ്യത്തെ യുവതയെ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സര്‍ക്കാര്‍ മിനക്കെടുന്നില്ലെന്നും ഖേര കുറ്റപ്പെടുത്തി. ജാമി അ മിലിയ, ജെ.എന്‍.യു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ആരോപണം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജെ.എന്‍.യുവില്‍ പോകുമെന്നും വിദ്യാര്‍ഥികളുമായി സംസാരിക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ബി.ജെ.പി ദീപികയെ വിമര്‍ശിക്കുകയും അവരുടെ സിനിമയ്ക്കെതിരെ പ്രചാരണം നടത്തുകയുമാണ് ചെയ്തത്. ഖേര പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ദീപിക പദുക്കോണ്‍ ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ദീപികയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ ദീപിക സിനിമ പ്രചാരണത്തിനായാണ് അവിടെയെത്തിയതെന്നായിരുന്നു ബി.ജെ.പി അനുകൂലികളുടെ വാദം. ദീപികയുടെ പുതിയ സിനിമയായ ‘ചപക്’ ബഹിഷ്‌ക്കരിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തിരുന്നു.