ന്യൂദല്‍ഹി: ഇ.ഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്. സംസ്ഥാന തെരഞ്ഞെടുപ്പിനിടയില്‍ ബി.ജെ.പി ഇ.ഡിപോലുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.
‘ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. കാരണം ജനാധിപത്യ റിപ്പബ്ലിക്ക് രാജ്യത്ത് നീതി അനിവാര്യമാണ്. നീതി നടപ്പായില്ലെങ്കില്‍ ജനാധിപത്യം സുരക്ഷിതമാകില്ല,’ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘ഛത്തീസ്ഗഢിലെയും മറ്റിടങ്ങളിലെയും വിഷയത്തില്‍ ബി.ജെ.പി ഞങ്ങളെ ദിനംപ്രതി ആവര്‍ത്തിച്ചാക്രമിക്കുകയാണ്. ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ സിങ്‌വി കൂട്ടിച്ചേര്‍ത്തു.
അനധികൃത ചൂതാട്ട ഗെയിമിങ് ആപ്പായ മഹാദേവ് ഗെയിമിങ്ങ് ആപ്പില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 508 കോടിയോളം രൂപ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കൈപ്പറ്റിയെന്ന് ഇ.ആരോപിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി പ്രമോട്ടര്‍മാരെ സംരക്ഷിക്കാനായി ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് ബാഗേല്‍ പറഞ്ഞിരുന്നു.
‘ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കും എന്ന് അറിയാവുന്ന ബി.ജെ.പി ഇ.ഡി, ഐ.ടി എന്നിവയെ മുന്നില്‍ നിര്‍ത്തി സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുകയാണ്. ഇ.ഡിക്കാണതില്‍ പ്രധാന പങ്ക്,’ ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇ.ഡി നിരവധി റെയ്ഡ് നടത്തുകയാണ്.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പതിനെട്ട് മാസം മുമ്പ് പുറത്തു വന്നപ്പോള്‍ കേന്ദ്രത്തിന് വിഷയത്തില്‍ താത്പര്യമില്ലായിരുന്നെന്നും എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി പെട്ടെന്ന് വിഷയത്തില്‍ ഇടപെടുകയാണെന്നും സിങ്‌വി പറഞ്ഞു.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഛണ്ഡീഗഢ് പൊലീസ് 18 മാസം മുമ്പ് ആരംഭിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 500 ഓളം പേരെ അറസ്റ്റ് ചെയ്തു. നിരവധി ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സമയത്തൊന്നും കേന്ദ്രം ഇടപെട്ടില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും പുതിയ പ്രസ്താവനകളും ചാര്‍ജ്ഷീറ്റുകളും കാണുന്നു.’ അദ്ദേഹം പറഞ്ഞു.
‘ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതുവരെ ബി.ജെ.പി ഇടപെടാഞ്ഞത് എന്താണ്? തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് മാത്രം ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് ?കാരണം തെരെഞ്ഞടുപ്പില്‍ തോല്‍വി ഉറപ്പാണെന്ന് ബി.ജെ.പിക്ക് അറിയാം,’ സിങ്‌വി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ എട്ടിനും 17നുമായി നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.
content highlight :Congress approaches Election Commission, demands action against ED