ദല്‍ഹിയില്‍ 48000 ചേരികള്‍ ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
national news
ദല്‍ഹിയില്‍ 48000 ചേരികള്‍ ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 3:29 pm

ന്യൂദല്‍ഹി: ദല്‍ഹി റെയില്‍ വേ ട്രാക്കിന് സമീപത്തെ 48000ത്തോളം ചേരികള്‍ ഒളിപ്പിക്കാനുള്ള നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്.

ചേരി പ്രദേശത്ത് താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

‘ഒഴിപ്പിക്കാനുള്ള ഉത്തരവ് പാസാക്കിയിരിക്കുന്നത് ചേരികളില്‍ താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ചേരികള്‍ ഒഴിപ്പിച്ചാല്‍ 2,50,000 പേര്‍ തെരുവിലാകും,’ അജയ് മാക്കന്‍ പറഞ്ഞു.

‘ദല്‍ഹി ഹൈക്കോടതിയുടെ വിധിയനുസരിച്ച് ചേരികള്‍ നീക്കം ചെയ്യാനുള്ള പ്രോട്ടോക്കോള്‍ സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും ദല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല. മാറ്റിപാര്‍പ്പിക്കാനുള്ള പ്ലാന്‍ ഇല്ലാതെ ചേരി ഒഴിപ്പിക്കല്‍ നടക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജയ്മാക്കന്‍ ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പിയെയും പരാതിയില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

അതേസമയം ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ ജീവിച്ചിരിക്കുന്നുണ്ട്. ദല്‍ഹിയിലെ ചേരിയില്‍ ജീവിക്കുന്ന ആരെയും നീക്കം ചെയ്യില്ലെന്ന് പാര്‍ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു. ആര്‍ക്കും തങ്ങളുടെ വീട് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു.

ദല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി സെപ്തംബര്‍ മൂന്നിന് ഉത്തരവ് ഇറക്കിയിരുന്നു.

ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും നേരത്തെ അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് അന്തിമ ഉത്തരവ് പുറത്തുവന്നത്.

ചേരികള്‍ നീക്കം ചെയ്യുന്നതിനെതിരെ ഇടക്കാല ഉത്തരവുകളോ സ്റ്റേയോ ഉണ്ടായാലും അംഗീകരിക്കില്ലെന്നും അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Congress  approached SC on removal of slums in Delhi