ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ് വൈ.എസ്. ശർമിള. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡിയുടെ സഹോദരി കൂടിയായ ശർമിള ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ ചേർന്നത്.
ആന്ധ്രാപ്രദേശ് പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ജിഡുഗു രുദ്ര കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ശർമിള പി.സി.സി അധ്യക്ഷയാകുമെന്നും രുദ്ര കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവാകുമെന്നും അറിയിച്ച് എ.ഐ.സി.സി വാർത്താകുറിപ്പ് പുറത്തുവിട്ടു.
തന്റെ വൈ.എസ്.ആർ തെലങ്കാന പാർട്ടിയെയും അവർ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ മകൾ കൂടിയായ ശർമിള കോൺഗ്രസിൽ ചേർന്നതോടെ ആന്ധ്രയിൽ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കും എന്നാണ് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്.
സഹോദരി കോൺഗ്രസിൽ എത്തുന്നത് സംസ്ഥാനത്തുടനീളമുള്ള തന്റെ സ്വാധീനത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്ന് മനസിലാക്കിയ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ശർമിളയുമായി ചർച്ച നടത്താൻ മാതൃസഹോദരൻ ശുബ്ബ റെഡ്ഡിയെ അയച്ചിരുന്നെങ്കിലും ശ്രമം പരാജയപെട്ടിരുന്നു.
കഴിഞ്ഞ നവംബറിൽ നടന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആ നീക്കം നീണ്ടു പോവുകയായിരുന്നു.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച ശർമിളയും വൈ.എസ്.ആർ.ടി.പിയും വോട്ടുകൾ വികേന്ദ്രീകരിച്ചു പോകാതിരിക്കാൻ വേണ്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.
Content Highlight: Congress appoints YS Sharmila as Andhra Pradesh state president after G Rudra Raju quits post