റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢ് ആരോഗ്യ മന്ത്രി ടി.എസ് സിങ്‌ദോയെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
‘ടി.എസ് സിങ്‌ദോയെ ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു,’ കെ.സി വേണുഗോപാല്‍ ട്വിറ്ററിലൂടെ അറിയിച്ചു. വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹമെന്നും ഉപമുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന് ഏറെ പ്രയോജനപ്പെടുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഢില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ നടക്കാനിരിക്കെ പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, ടി.എസ് സിങ്‌ദോ, പാര്‍ട്ടി ചുമതലയുള്ള കുമാരി ശെല്‍ജ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ദല്‍ഹിയില്‍ വെച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടി തയ്യാറാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘നവ ഛത്തീസ്ഗഢ്’ മോഡല്‍ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.
2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സിങ്‌ദോയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. 2018ലെ ധാരണ പ്രകാരം ബാഗേല്‍ അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2021ല്‍ സിങ്‌ദോ മുഖ്യമന്ത്രി ആകണമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തര്‍ക്കം പരിഹരിക്കപ്പെട്ടത്.
Content Highlight: Congress appointed T.S singh deo as deputy chief minister in chhatisggarh