| Wednesday, 26th June 2024, 9:06 pm

സാം പിത്രോദയെ വീണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാം പിത്രോദയെ വീണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ച് കോണ്‍ഗ്രസ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ആളുകളുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വിവാദമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം പിത്രോദ രാജിവെക്കുകയും ചെയ്തിരുന്നു.

സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് സാം പിത്രോദയെ വീണ്ടും കോണ്‍ഗ്രസ് നിയമിച്ചത്.

ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരോട് സാദൃശ്യമുള്ളവര്‍ ആണെന്നുമായിരുന്നു പിത്രോദയുടെ പരാമര്‍ശം. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരോട് സാദൃശ്യമുള്ളവര്‍ ആണെന്നും പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ അറബികളെ പോലെയാണെന്നും പിത്രോദ പറഞ്ഞിരുന്നു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ പരാമര്‍ശം. ഇന്ത്യയിലെ വൈവിധ്യങ്ങളെ കോണ്‍ഗ്രസ് എങ്ങനെയാണ് നിലനിര്‍ത്തിയതെന്ന ചോദ്യത്തിനുള്ള സാം പിത്രോദയുടെ മറുപടിയായിരുന്നു ഇത്.

പരാമര്‍ശത്തില്‍, പിത്രോദയുടെ വാക്കുകള്‍ തെറ്റാണെന്നും അംഗീകരിക്കാനാവാത്തതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിത്രോദയുടെ പരാമര്‍ശങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ആയ സാം പിത്രോദ ഒരു വംശവെറിയന്‍ ആണെന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുകയുമുണ്ടായി. ഇതിനുപിന്നാലെയാണ് പിത്രോദ രാജിവെച്ചത്.

Content Highlight: Congress appointed Sam Pitroda as the Indian Overseas Congress Chairman again

We use cookies to give you the best possible experience. Learn more