| Saturday, 5th February 2022, 3:46 pm

പഞ്ചാബിനെ നയിക്കാന്‍ ചന്നി; പ്രഖ്യാപനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ (ഞായര്‍) ഉണ്ടാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Who is Charanjit Singh Channi, Punjab's next Chief Minister

പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സികള്‍ വഴിയും നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായതിന് പിന്നാലെയാണ് പ്രഖ്യാപനം.

ഞായറാഴ്ച ലുധിയാനയില്‍ വെച്ച് നടക്കുന്ന റാലിയില്‍ ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതോടെ പ്രചാരണരംഗത്ത് കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിന് വലിയ തോതിലുള്ള പ്രതിഛായയില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതല്‍ തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താം എന്നാണ് പാര്‍ട്ടി കരുതുന്നത്.

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ എ.എ.പിയിലേക്ക് പോവാന്‍ സാധ്യതയുള്ള ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നും, ഇതുവഴി തുടര്‍ഭരണം നേടാനാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

അതേസമയം, സിദ്ദു ഹൈക്കമാന്റിന് നേരെയും ചന്നിക്ക് നേരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സിദ്ദുവിന്റെ വിമര്‍ശനം തല്‍ക്കാലത്തേക്ക് കണക്കിലെടുക്കണ്ട എന്ന നിലപാടിലാണ് നേതൃത്വം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയ്ന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞിരുന്നു.

രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ഇത്തവണ ജനവിധി തേടുന്നത്. ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും ബാദൗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ചന്നി മത്സരിക്കുന്നത്.

അതേസമയം പരാജയഭീതി മൂലമാണ് ചന്നി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ സെക്രട്ടറിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നത്.

‘ഞങ്ങളുടെ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചംകൗര്‍ സാഹേബില്‍ ചന്നി തോല്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം രണ്ട് സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ സര്‍വേ ശരിയാണന്നല്ലേ കോണ്‍ഗ്രസിന്റെ ഈ നീക്കത്തില്‍ വ്യക്തമാകുന്നത്?,’ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.

Content Highlight: Congress announces Charanjith Singh Channi as their CM Candidate

We use cookies to give you the best possible experience. Learn more