| Saturday, 15th January 2022, 3:51 pm

രാജ്യം ഉറ്റുനോക്കുന്ന പഞ്ചാബില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സിദ്ദു; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്ന 86 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും പഞ്ചാബ് പി.സി.സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജനവിധി തേടും.

പഞ്ചാബില്‍ ഗെയിം ചേഞ്ചറാവും എന്ന് കരുതുന്ന നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക, മോഗ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മാളവിക കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ പ്രവേശിച്ച വിവാദ പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല മാന്‍സ അസംബ്ലി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കാനൊരുങ്ങുന്നത്.

ആകെ തെരഞ്ഞെടുപ്പ് നടക്കുന്ന 117 സീറ്റുകളില്‍ 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ പഞ്ചാബില്‍ ഭരണം നിലനിലനിര്‍ത്തിയും മറ്റു സംസ്ഥാനങ്ങളില്‍ നിര്‍ണായകശക്തിയായി ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ അസ്ഥിത്വം ഉറപ്പുവരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലും അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രസക്തമാണ്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യവുമുണ്ടാക്കിയതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായി മാറിയിരിക്കുകയാണ്.

അതേസമയം, മുഴുവന്‍ സീറ്റുകളിലും മത്സരിച്ച് പഞ്ചാബില്‍ നിര്‍ണായക ശക്തിയാവാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ എല്ലാ മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

പ്രബലമായ മൂന്ന് മുന്നണിയോടും ഒറ്റയ്ക്ക് മത്സരിക്കാനാണ് കര്‍ഷക നേതാവായ ബാബിര്‍ രജ്‌വാളും ഒരുങ്ങുന്നത്. തന്റെ പുതിയ പാര്‍ട്ടിയായ സംയുക്ത സമാജ് മോര്‍ച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

ഇതോടെ വാശിയേറിയ ചതുഷ്‌കോണ മത്സരത്തിനാണ് പഞ്ചാബില്‍ കളമൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress Announces Candidates for Upcoming Assembly election,  Channi From Chamkaur Sahib, Navjot Sidhu From Amritsar

We use cookies to give you the best possible experience. Learn more