മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും പേടിയില്‍; കുലുങ്ങാതെ ശരത് പവാര്‍
national news
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും പേടിയില്‍; കുലുങ്ങാതെ ശരത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:13 pm

മഹാരാഷ്ട്രയില്‍ എത്രയും പെട്ടെന്ന് സഖ്യധാരണയിലെത്തി സര്‍ക്കാരുണ്ടാക്കണം എന്ന ആഗ്രഹത്തിലാണ് കോണ്‍ഗ്രസും ശിവസേനയുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ എം.എല്‍.എമാരെ ചൊല്ലിയാണ് കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഭയം. കൂറുമാറുന്നതിന് വേണ്ടി ഇപ്പോള്‍ തന്നെ എം.എല്‍.എമാരെ പലരും ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം സര്‍ക്കാരുണ്ടാക്കിയിട്ടില്ലെങ്കില്‍ നിലവിലെ എം.എല്‍.എമാരുടെ എണ്ണത്തില്‍ കുറവ് വന്നേക്കാമെന്നാണ് കോണ്‍ഗ്രസ്,ശിവസേന പാര്‍ട്ടികളുടെ ഭയം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ ഈ ഭയം ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ പാര്‍ട്ടിയില്‍ നിന്ന് ഒരു എം.എല്‍.എ പോലും വിട്ടുപോവില്ലെന്ന അതിയായ ആത്മവിശ്വാസത്തിലാണ് പവാര്‍ എന്നും റിപ്പോര്‍ട്ടിലുണ്ട്.

മഹാരാഷ്ട്രയില്‍ 20 ദിവസത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് പൊതു മിനിമം പരിപാടിയുടെ അന്തിമ കരട് രേഖയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്‍ക്ക് കൈമാറിയിരിക്കുകയാണ്.