| Tuesday, 12th November 2019, 11:59 am

അവസാനനിമിഷം യാത്ര റദ്ദാക്കി കെ.സിയും കൂട്ടരും; സോണിയയെ കാണണമെന്ന നിര്‍ദേശം വകവെയ്ക്കാതെ പവാര്‍; കോണ്‍ഗ്രസും എന്‍.സി.പിയും തുറന്ന പോരിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന തര്‍ക്കം കോണ്‍ഗ്രസ്-എന്‍.സി.പി തര്‍ക്കത്തിലേക്കു കൂടുമാറുന്നു. ശിവസേനയെ പിന്തുണയ്ക്കാനുള്ള അന്തിമ തീരുമാനം വൈകുന്നതിനു കാരണം കോണ്‍ഗ്രസാണെന്ന് എന്‍.സി.പി ആരോപിക്കുമ്പോള്‍, എന്‍.സി.പിയാണു കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി.

പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ന് മുംബൈയിലേക്കു പോകാനിരുന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കി.

ഇതിനു പകരം ദല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാനാണ് അവര്‍ ശരദ് പവാറിനോടു നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിന്റെ ഈ സമീപനമാണ് പവാറിനെ രോഷാകുലനാക്കിയത്. ‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? എനിക്കൊന്നും അറിയില്ല’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പവാറിന്റെ പ്രതികരണം.

മാത്രമല്ല, പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അതില്‍ താത്പര്യമില്ലെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെയോ ഗോവയിലെയോ പോലെ ‘ഓപ്പറേഷന്‍ താമര’യുടെ അപകടസാധ്യത വിളിച്ചുവരുത്താന്‍ വയ്യെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നിലനില്‍ക്കുന്ന ഭിന്നതയാണ് അവരെ അന്തിമ തീരുമാനം എടുക്കുന്നതില്‍ നിന്നു പിന്നോട്ടു വലിക്കുന്നത്. ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഇതിലും തീരുമാനമാകാതെ വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു പ്രധാനമായും ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടുവലിക്കുന്നത്. വേണുഗോപാലും എ.കെ ആന്റണിയും അടങ്ങുന്ന കേരളാ ലോബിയാണു സഖ്യത്തിനു തടസ്സമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ വൈകിട്ടോടെ ശിവസേനയെ പിന്തുണയ്ക്കാനുള്ള കത്ത് എന്‍.സി.പി തയ്യാറാക്കിയിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകുന്നതാണ് അത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

We use cookies to give you the best possible experience. Learn more