തിരുവനന്തപുരം: മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിനെ പീഡനപരാതിയില്‍ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് പി.സി. ജോര്‍ജിനെ പിന്തുണച്ച് സംസാരിച്ചത്.
ജോര്‍ജിനെ അറസ്റ്റ് ചെയ്തത് തികഞ്ഞ പ്രതികാര നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ വെച്ചായിരുന്നു സുധാകരന്റെ പ്രതികരണം.
അതേസമയം പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പി.സി. ജോര്‍ജിനെതിരെ നാളെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും പി.സി. ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുകളുണ്ടെന്നും ആവശ്യമെങ്കില്‍ ആ തെളിവുകള്‍ കോടതിക്ക് കൈമാറുമെന്നും പരാതിക്കാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.സി ജോര്‍ജ് തന്നെപ്പറ്റി അപവാദം പറയുന്നത് നിര്‍ത്തണമെന്നും മോശക്കാരി എന്ന് വരുത്തിത്തീര്‍ത്താലും പറയാനുള്ളത് പറയുമെന്നും പരാതിക്കാരി പ്രതികരിച്ചു.
പി.സി. ജോര്‍ജ് തന്റെ മെന്ററായിരുന്നു എന്നും എന്നാല്‍ പീഡനശ്രമത്തോടെ അങ്ങനെ അല്ലാതായെന്നും അവര്‍ പറഞ്ഞു. ദേഹത്ത് കടന്നുപിടിക്കാന്‍ പി.സി. ജോര്‍ജ് ശ്രമിച്ചിരുന്നെന്നും താന്‍ തടയുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പീഡന പരാതി നല്‍കിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ തന്നെ ജാമ്യവും ലഭിച്ചിരുന്നു.