| Tuesday, 1st January 2019, 5:54 pm

കർണാടകയിൽ 2:1 എന്ന അനുപാതത്തിൽ ലോക്സഭാ സീറ്റുകൾ വിഭജിക്കാൻ നിശ്ചയിച്ച് കോൺഗ്രസും ജെ.ഡി.എസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: കർണാടകയിൽ, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 2:1 എന്ന ഫോർമുല അനുസരിച്ച് സീറ്റുകൾ വിഭജിക്കാൻ കോൺഗ്രസും, ജെ.ഡി.എസും തമ്മിൽ ധാരണയായി. കർണാടകയിലെ ജെ.ഡി.എസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ ഡാനിഷ് അലി ആണ് ഈ വിവരം വെളിപ്പെടുത്തിയത്. സീറ്റുകളുടെ ഭൂരിഭാഗവും കോൺഗ്രസിനാവും നൽകുക എന്നും ഡാനിഷ് അലി പറഞ്ഞു.

Also Read കാസര്‍കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണം

കഴിഞ്ഞ വർഷം മേയിൽ തെരഞ്ഞെടുപ്പിന് മുൻപായി നടന്ന സഖ്യരൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത് കോൺഗ്രസാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്താനുള്ള സഖ്യത്തിന്റെ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചതും കോൺഗ്രസാണ്. അതിനാലാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാൻ തങ്ങൾ തീരുമാനിച്ചതെന്നും ഡാനിഷ് അലി വ്യക്തമാക്കി.

ഈ ഫോർമുല പ്രകാരം, 28 ലോക്സഭാ സീറ്റുകൾ ഉള്ളതിൽ, 18 എണ്ണം കോൺഗ്രസിനും, 10 എണ്ണം ജെ.ഡി.എസിനുമാകും നൽകുക. അലി പറഞ്ഞു. കർണാടകയിൽ ജെ.ഡി.എസ്. മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സഖ്യത്തിലുള്ള മായാവതിയ്ക്കായി സീറ്റുകൾ മാറ്റി വെച്ചിട്ടില്ല എന്നാണറിയുന്നത്. “ഏതെങ്കിലും സീറ്റുകളിലുള്ള സൗഹൃദപരമായ മത്സരം അവസാന മാർഗ്ഗം മാത്രമാണ്. അതിപ്പോൾ നിന്നും സ്വയം ഒഴിവാക്കാൻ കോൺഗ്രസും ജെ.ഡി.എസും ശ്രമിക്കണം” ഡാനിഷ് അലി അഭിപ്രായപ്പെട്ടു.

Also Read കാസര്‍കോട് വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം; റോഡരികില്‍ തീയിട്ടു

ഇരുപാർട്ടികളുടെയും പ്രദേശിക നേതാക്കൾ തമ്മിൽ ഉരസലുകളുണ്ടെന്നുള്ള അഭ്യൂഹം പരക്കുന്നതിനിടെയാണ് ഡാനിഷ് അലിയുടെ പ്രസ്താവന വരുന്നത്. കോൺഗ്രസ് പാർട്ടി “വല്യേട്ടൻ” മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും, അതിനാൽ 28 സീറ്റുകളിലും ജെ.ഡി.എസ് തന്നെ മത്സരിക്കണമെന്നും ഈ നേതാക്കൾ പറഞ്ഞതായി എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും, സീറ്റ് വിഭജനം തടസ്സങ്ങളില്ലാതെ തന്നെ നടക്കുമെന്നും പാർട്ടി തലവൻ എച്ച്.ഡി.ദേവഗൗഡ പറയുന്നു.

“ലോക്സഭാ സീറ്റ് വിഭജനത്തെക്കുറിച്ച് യാതൊരു അബദ്ധ ധാരണകളും വേണ്ട. 12 സീറ്റുകളിൽ നിന്നും മത്സരിക്കുന്നതിനെക്കുറിച്ചാണ് കുമാരസ്വാമി പാർട്ടിയോട് പറഞ്ഞത്. പക്ഷെ ആ കാര്യം കോൺഗ്രസും ജെ.ഡി.എസും ഒരുമിച്ച് തീരുമാനിക്കും. സീറ്റ് പങ്കുവെയ്ക്കുന്നത്
തടസങ്ങളില്ലാതെ തന്നെ നടക്കും.” ദേവഗൗഡ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Also Read അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

സീറ്റിനെക്കുറിച്ചുള്ള ഔദ്യോഗിക ചർച്ചകൾ ജനുവരി പതിനഞ്ചോട് കൂടി പൂർത്തീകരിക്കുമെന്നും, പാർലമെന്റ് നടപടികൾ ജനുവരി എട്ടോടു കൂടി തുടങ്ങുന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

We use cookies to give you the best possible experience. Learn more