മധുര: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഡി.എം.കെയ്ക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാത്തവരാണ് ഇരുപാര്‍ട്ടികളെന്നും സ്ത്രീസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ വിമര്‍ശനം. മധുരയില്‍ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഈ പരാമര്‍ശം.
സ്ത്രീകളെ ബഹുമാനിക്കുന്നവരുടെ നാടാണ് മധുരയെന്നും അവര്‍ക്ക് എങ്ങനെ സുരക്ഷയൊരുക്കണമെന്ന് മധുരയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു.
‘സ്ത്രീകളെ ബഹുമാനിക്കാനോ അവര്‍ക്ക് സുരക്ഷയൊരുക്കാനോ ശ്രമിക്കാത്ത പാര്‍ട്ടികളാണ് ഡി.എം.കെയും കോണ്‍ഗ്രസും. മധുരയെ ഒരു മാഫിയ തലസ്ഥാനമായി മാറ്റാനാണ് ഡി.എം.കെ ശ്രമിക്കുന്നത്. പല ഡി.എം.കെ നേതാക്കളും സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്നതില്‍ അത്ഭുതമില്ല’, മോദി പറഞ്ഞു.
ഏപ്രില്‍ ആറിനാണ് തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.
ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക