ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് തുടരുന്നതിനിടെ കര്‍ഷക നേതാവ് അക്ഷയ് നര്‍വാള്‍ അറസ്റ്റില്‍. കര്‍ഷകരുടെ പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ ഏതൊക്കെ രീതിയില്‍ അടിച്ചര്‍ത്താന്‍ ശ്രമിച്ചാലും തങ്ങള്‍ പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരുടെ മാര്‍ച്ച് ശക്തമാകുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകര്‍ തലസ്ഥാന നഗരിയിലേക്ക് കടക്കാതിരിക്കുന്നതിനായി സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കണ്ണീര്‍ വാതക ഷെല്ലുകളും ഡ്രോണ്‍ ടിയര്‍ സ്‌മോക്ക് ലോഞ്ചറുകളൂം ഉപയോഗിച്ചാണ് ഹരിയാന പൊലീസ് കര്‍ഷകരെ തടയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നോട്ട് നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പി.സി.സികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തും.