| Tuesday, 25th October 2022, 5:35 pm

ഹിമാചൽ തെരഞ്ഞെടുപ്പ്: ബി.ജെ.പിയും കോൺ​ഗ്രസും നേർക്കുനേർ; മുഴുവൻ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിമാചൽ പ്രദേശിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോരാട്ടം ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ. ​ഗുജറാത്തിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാർട്ടി ഹിമാചലിൽ കാര്യമായ പ്രചരണത്തിനിറങ്ങുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

ഹിമാചലിൽ പ്രധാനമന്ത്രിയടക്കമുള്ളവർ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. നവംബർ 12നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ഒക്ടോബർ 24നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

പ്രിയങ്കാ ​ഗാന്ധിയായിരിക്കും കോൺ​ഗ്രസിന്റെ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുക. രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ അഭാവമാണ് കോൺഗ്രസിൻറെ പ്രധാന വെല്ലുവിളി. വീരഭദ്ര സിങ്ങിന്റെ ഭാര്യയും കോൺഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിങ്ങ് എം.പിയാണ് സംസ്ഥാന കോൺഗ്രസിന്റെ മുഖമെങ്കിലും ഇക്കുറി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിൻറെ പ്രചാരണം നയിക്കുന്നത്.

ഒക്ടോബർ 31മുതൽ സംസ്ഥാനത്ത് എട്ട് റാലികൾ നടത്താൻ കോൺ​ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്ക ​ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രചരണപരിപാടികളിൽ പങ്കെടുക്കും.

അധികാരത്തിൽ തിരിച്ചെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഒക്‌ടോബർ 14ന് കോൺഗ്രസ് പ്രചാരണം ആരംഭിച്ചത് പ്രിയങ്കയാണ്. യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി ഒന്നും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ചെയ്യുന്നില്ലെന്ന ആരോപണവും പ്രിയങ്ക ഉയർത്തിയിരുന്നു. കോൺ​ഗ്രസ് വിജയിച്ചാൽ സംസ്ഥാനത്ത് ഒരു ലക്ഷം സർക്കാർ ജോലികൾ ഉറപ്പുവരുത്തുമെന്നും പ്രിയങ്ക വാ​ഗ്ദാനം ചെയ്തിരുന്നു.

ആദ്യം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ആം ആദ്മി പാർട്ടിയായിരുന്നു. എന്നിരുന്നാലും ഗുജറാത്താണ് പാർട്ടിയുടെ ശ്രദ്ധാ കേന്ദ്രം.

ഹിമാചലിൽ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നാണ് വിലയിരുത്തൽ കോൺ​ഗ്രസും ബി.ജെ.പിയും മാറി മാറിയാണ് സംസ്ഥാനത്ത് വിജയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കോൺ​ഗ്രസിന് വിജയപ്രതീക്ഷയും ഏറെയാണ്.

കേന്ദ്ര സർക്കാറിൻറെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണ തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മുഖ്യമന്ത്രിയായ ജയ്റാം താക്കൂർ ആയിരിക്കും ഇത്തവണയും ബി.ജെ.പിയുടെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുക. അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തിൽ നിന്നുതന്നെയാണ് താക്കൂർ ഇത്തവണയും മത്സരിക്കുന്നത്.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പിക്കാണ് മേൽക്കൈ. മോദിയും അമിത് ഷായും വൈകാതെ സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Congress and BJP face to face in Himachal; AAP to focus on Gujarat

We use cookies to give you the best possible experience. Learn more