'ഇത് സെറോക്‌സ് കോപ്പി, ഞങ്ങളും ഇത് തന്നെയല്ലേ പറഞ്ഞത്'; ബി.ജെ.പിയുടെ പ്രകടനപത്രികക്കെതിരെ കോണ്‍ഗ്രസും ആം ആദ്മിയും
national news
'ഇത് സെറോക്‌സ് കോപ്പി, ഞങ്ങളും ഇത് തന്നെയല്ലേ പറഞ്ഞത്'; ബി.ജെ.പിയുടെ പ്രകടനപത്രികക്കെതിരെ കോണ്‍ഗ്രസും ആം ആദ്മിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th November 2022, 10:34 am

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയുമെല്ലാം പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബി.ജെ.പി തങ്ങളുടെ തെരഞ്ഞെടുപ്പ്  പ്രകടനപത്രികയും പുറത്തിറക്കിയിരുന്നു.

അഗ്രേസര്‍ ഗുജറാത്ത് സങ്കല്‍പ് പത്ര 2022 (Agresar Gujarat Sankalp Patra 2022) എന്നാണ് പ്രകടനപത്രികക്ക് പേരിട്ടിരിക്കുന്നത്. പ്രകടനപത്രികക്കെതിരെ കോണ്‍ഗ്രസ്, ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷവിമര്‍ശനമാണുയരുന്നത്. തങ്ങള്‍ പ്രകടനപത്രികകളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് സമാനമായവ ബി.ജെ.പി മാനിഫെസ്റ്റോയിലും വന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ബി.ജെ.പി പ്രകടനപത്രികയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ നേരത്തെ ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രകടനപത്രികയിലേതിന് സമാനമാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് ബി.ജെ.പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത്. നവംബര്‍ 12ന് പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും സമാനമായ വാഗ്ദാനം നല്‍കുന്നുണ്ട്.

എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് എ.എ.പിയും വാഗ്ദാനം ചെയ്തിരുന്നു.

ബി.ജെ.പി പ്രകടനപത്രിക ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളുടെ ‘സെറോക്‌സ് കോപ്പി’യാണ് എന്നാണ് വരാച്ചയിലെ എ.എ.പി സ്ഥാനാര്‍ത്ഥി അല്‍പേഷ് കത്തിരിയ (Alpesh Kathiriya) ആരോപിച്ചത്.

”ഇത് നിങ്ങളുടെ അഗ്രേസര്‍ (പുരോഗമന) ഗുജറാത്തല്ല, മറിച്ച് പീച്ചെഹത് (പിന്‍വലിക്കുന്ന) ഭാരതീയ ജനതാ പാര്‍ട്ടിയാണ്,” സൂറത്തിലെ ഡയമണ്ട് മാര്‍ക്കറ്റിലെ മഹിദര്‍പുരയില്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ പരിധി നിലവിലുള്ള അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കുമെന്നും സൗജന്യ ചികിത്സ നല്‍കുമെന്നും ബി.ജെ.പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം എല്ലാ പൗരന്മാര്‍ക്കും 10 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ആരോഗ്യ പരിരക്ഷ കോണ്‍ഗ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം രണ്ട് സൗജന്യ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തപ്പോള്‍, സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ യൂണിറ്റിന് 500 രൂപയ്ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

അതിനിടെ കര്‍ഷകരുടെ കടങ്ങളെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും ബി.ജെ.പി പ്രകടനപത്രിക മൗനം പാലിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പ്രകരിച്ചത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പാട്ടില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഗുജറാത്തിലെ പാര്‍ട്ടിയുടെ പ്രകടനപത്രിക ശനിയാഴ്ച അഹമ്മദാബാദില്‍ വെച്ച് പുറത്തിറക്കിയത്.

അതേസമയം ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ടം. ഡിസംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

ആകെ 182 നിയമസഭാ സീറ്റുകളാണ് ഗുജറാത്തിലുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 പേരും കന്നിവോട്ടര്‍മാരാണ്.

1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ അവര്‍ നേരിടുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

ഭാരത് ജോഡോ യാത്രക്കിടെ ഇടവേളയെടുത്തായിരുന്നു ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്തില്‍ തുടര്‍ച്ചയായി പൊതുറാലികളില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlight: Congress and AAP says BJP manifesto in upcoming Gujarat polls is the copy of their pledges on education, health and jobs