സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ ശിവന്റെ ചിത്രം ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്തി; പരാതിയുമായി കോണ്‍ഗ്രസും ആപ്പും
national news
സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ ശിവന്റെ ചിത്രം ഉപയോഗിച്ച് മതവികാരം വ്രണപ്പെടുത്തി; പരാതിയുമായി കോണ്‍ഗ്രസും ആപ്പും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st December 2023, 8:26 am

പനാജി: ന്യൂ ഇയറിനോട് അനുബന്ധിച്ച് ഗോവയില്‍ നടത്തുന്ന സണ്‍ബേണ്‍ ഫെസ്റ്റിവലിനെതിരെ പരാതിയുമായി കോണ്‍ഗ്രസും എ.എ.പിയും. ഫെസ്റ്റിവലിനിടയില്‍ ശിവന്റെ രൂപം പ്രദര്‍ശിപ്പിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഫെസ്റ്റിവലിനെതിരെ ഇരുപാര്‍ട്ടികളും പരാതിപ്പെട്ടത്.

പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിജയ് ഭികെ വെള്ളിയാഴ്ച രാത്രി മപുസ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ‘സനാതന ധര്‍മ’ത്തെ വ്രണപ്പെടുത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എ.എ.പിയുടെ ഗോവയിലെ തലവനായ അമിത് പലേക്കര്‍ പരാതിയില്‍ പറഞ്ഞത്. പരിപാടിയില്‍ അപകീര്‍ത്തികരമായ രീതിയില്‍ ശിവന്റെ ചിത്രം ഉപയോഗിച്ചുവെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

‘പരിപാടിയില്‍ ഭഗവാന്‍ ശിവന്റെ ചിത്രം ഉപയോഗിച്ചത് ഞങ്ങള്‍ കണ്ടു. ആളുകള്‍ മദ്യപിച്ച് നൃത്തം ചെയ്യുമ്പോള്‍ എല്‍.ഇ.ഡി സ്‌ക്രീനില്‍ ശിവന്റെ ചിത്രം മിന്നിമറിയുകയാണ്. സനാതന ധര്‍മത്തിന്റെ പവിത്രത സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിരിക്കുന്നു. അതിനാല്‍ പരിപാടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. മദ്യം വിളമ്പുന്ന പരിപാടിയില്‍ ഞങ്ങളുടെ ദൈവത്തെ ഉപയോഗിച്ചത് ശരിയല്ല,’ പലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യപാനവും നിരോധിത വസ്തുക്കളുടെ ഉപഭോഗവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശിവന്‍ പിന്തുണയ്ക്കുന്നുവെന്ന് ചിത്രീകരിച്ച് സംഘാടകര്‍ ഹിന്ദുക്കളുടെ മതവികാരങ്ങളെ മനപൂര്‍വം അവഹേളിക്കുകയാണെന്ന് മപുസ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ഭികെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം പരിശോധിച്ച് വരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

28 മുതല്‍ 31 വരെയാണ് ഗോവയിലെ വഗാറ്റോര്‍ ബീച്ചില്‍ സണ്‍ബേണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലാണ് സണ്‍ബേണ്‍ ഫെസ്റ്റിവലല്‍.

Content Highlight: Congress and AAP have complained against Sunburn Festival