| Monday, 20th May 2024, 8:32 am

കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒറ്റക്കെട്ട്; തെരഞ്ഞെടുപ്പിൽ ഇരുവരും പരസ്പരം വോട്ട് ചെയ്യും: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും ഒന്നിച്ച് നിന്ന് വിജയം കൈവരിക്കുമെന്നുന്നുമുള്ള പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നടന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണ റാലിക്കിടയിലാണ് രാഹുൽഗാന്ധിയുടെ പ്രഖ്യാപനം.

‘ദൽഹിയിൽ ഏഴ് ലോക്സഭാ സീറ്റുകളിലും വിജയം നേടണമെങ്കിൽ ആം. ആദ്മി പാർട്ടിയും കോൺഗ്രസ്സും ഒന്നിച്ച് പ്രവർത്തിക്കണം. ദൽഹിയിലെ കോൺഗ്രസ്, ആം ആദ്മി പാർട്ടി സഖ്യം ശക്തമാണ്. ഞാൻ ആം. ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യും കെജ്‌രിവാൾ തിരിച്ച് എനിക്കും വോട്ട് കുത്തും,’ രാഹുൽഗാന്ധി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി സഖ്യം പൂർണ്ണ ശക്തരാണെന്ന് പ്രവർത്തരോട് പറയുകയായിരുന്നു അദ്ദേഹം. മോദിയുമായുള്ള സംവാദത്തിന് താൻ തയ്യാറാണെന്നും അതിനായി അദ്ദേഹം പറയുന്ന സ്ഥലത്തു വരാമെന്നും ഈ പ്രചരണ റാലിയിലും അദ്ദേഹം പറഞ്ഞു.

‘എനിക്കുറപ്പാണ് മോദി ഒരിക്കലും വരില്ലെന്ന്. മോദി വന്നാൽ പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉന്നയിക്കും. മോദി പ്രവർത്തിക്കുന്നത് മുതലാളിമാർക്ക് വേണ്ടിമാത്രമാണ്. ചാന്ദ്‌നി ചൗക്കിലെ സാധാരണ കച്ചവടക്കാർക്ക് വേണ്ടി മോദി എന്താണ് ചെയ്തത്?,’ അദ്ദേഹം പ്രവർത്തകരോട് ചോദിച്ചു.

അതോടൊപ്പം ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുമെന്നും ഈ കുടുംബങ്ങളിൽ നിന്ന് ഓരോ സ്ത്രീയെ വീതം തിരഞ്ഞെടുത്ത് ആ സ്ത്രീയുടെ അക്കൗണ്ടിൽ പ്രതിവർഷം 1 ലക്ഷം രൂപ ഇന്ത്യാ സഖ്യം നൽകുമെന്നും രാഹുൽഗാന്ധി പറഞ്ഞു.

ഇന്ത്യാ മുന്നണി വിജയിച്ചാൽ തങ്ങൾ ചെറുകിട, ഇടത്തരം വ്യവസായികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും ജി.എസ്.ടി അവർക്കനുകൂലമായ രീതിയിൽ ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൽഹിലെ ഏഴ് ലോക്സഭാ സീറ്റുകളിൽ നാല് സീറ്റുകളിൽ കോൺഗ്രെസും ബാക്കി മൂന്ന് സീറ്റുകളിൽ ആം ആദ്മി പാർട്ടിയുമാണ് മത്സരിക്കുന്നത്. മെയ് 25 നാണ് ദൽഹിയിലെ തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Congress and Aam Aadmi Party  works together statement by Rahul Ghandi

We use cookies to give you the best possible experience. Learn more