ചണ്ഡിഗഢ്: കോണ്‍ഗ്രസ് എപ്പോഴും ഒരു പ്രദേശത്തെ ജനങ്ങളെ മറ്റുള്ളവരുമായി തമ്മിലടിപ്പിച്ചാണ് രാഷ്ട്രീയ നേട്ടം കൊയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ ഭയ്യമാരെ പഞ്ചാബില്‍ കയറ്റില്ല എന്ന പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച മോദി, ഇതെല്ലാം കണ്ടും കേട്ടും പ്രിയങ്ക ഗാന്ധി ദല്‍ഹിയിലിരുന്ന് കയ്യടിക്കുകയാണെന്നും പറഞ്ഞു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.
‘കോണ്‍ഗ്രസ് എപ്പോഴും ഒരു പ്രദേശത്തെ ജനങ്ങളെ മറ്റുള്ളവരുമായി മത്സരിപ്പിക്കുകയാണ്. അങ്ങനെയാണ് അവര്‍ മുന്നോട്ട് പോകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞത് ഈ രാജ്യം മുഴുവും കേട്ടതാണ്. ഇതെല്ലാം കേട്ടുകൊണ്ട് അയാളുടെ കുടുംബവും ‘മുതലാളിയും’ ദല്‍ഹിയിലിരുന്ന് കയ്യടിക്കുകയാണ്.
ഇത്തരം പ്രസ്താവനകള്‍ കൊണ്ട് ഇവര്‍ ആരെയാണ് അപമാനിക്കാന്‍ ശ്രമിക്കുന്നത്? ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള സഹോദരന്‍മാര്‍ വിയര്‍പ്പൊഴുക്കാത്ത ഒരു ഗ്രാമം പോലും പഞ്ചാബില്‍ ഉണ്ടാവില്ല,’ മോദി പറഞ്ഞു.
കോണ്‍ഗ്രസ് എപ്പോഴും കര്‍ഷകര്‍ക്കെതിരായാണ് നിലകൊണ്ടതെന്നും, അതില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കാന്‍ തങ്ങള്‍ക്കേ സാധ്യമാവുകയുള്ളൂ എന്നും മോദി പറഞ്ഞു.
‘ഇന്നലെ നമ്മള്‍ സന്ത് രവിദാസ് ജയന്തി ആഘോഷിച്ചിരുന്നു. സന്ത് രവിദാസ് എവിടെയാണ് ജനിച്ചത് എന്ന് കോണ്‍ഗ്രസിന്റെ നേതാക്കളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
അദ്ദേഹം ജനിച്ചത് പഞ്ചാബിലാണോ? സന്ത് രവിദാസ് ജനിച്ചത് ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ്. ഇപ്പോള്‍ നിങ്ങള്‍ പറയാനാഗ്രഹിക്കുന്നത് അദ്ദേഹത്തെയും പഞ്ചാബില്‍ പ്രവേശിപ്പിക്കില്ല എന്നാണോ? അദ്ദേഹത്തിന്റെ പേര് പോലും മായ്ച്ച് കളയാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്,’ മോദി ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള കുടിയേറ്റക്കര്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാതലത്തിലാണ് മോദിയുടെ വിമര്‍ശനം.
പ്രിയങ്ക ഗാന്ധിയെ അരികില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ചന്നിയുടെ വിവാദ പരാമര്‍ശം.
പ്രിയങ്ക ഗാന്ധിയെ ‘പഞ്ചാബിന്റെ മരുമകള്‍’ എന്നു വിശേഷിപ്പിച്ച ചന്നി, യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ‘ഭയ്യമാര്‍ക്ക്’ ‘ഇവിടെ വന്ന് ഭരിക്കാന്‍ കഴിയില്ല’ എന്നും പറഞ്ഞിരുന്നു.
യു.പി, ബീഹാര്‍, ദല്‍ഹി എന്നിവിടങ്ങളിലെ ‘ഭയ്യ’മാരെ പഞ്ചാബില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചന്നി പറഞ്ഞത്.
ഫെബ്രുവരി 20-നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങളായ യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവയ്‌ക്കൊപ്പം മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
Content highlight: PM Modi slams Channi, Priyanka Gandhi Vadra over “UP, Bihar ke bhaiye” remark