ഡെറാഡൂണ്‍: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനിടെയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
ദേശീയ പാതയില്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച നിസ്‌കാരം അനുവദിച്ചിരുന്നെന്ന് അമിത് ഷാ ആരോപണം ഉന്നയിച്ചു.
” മുമ്പ്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ ഇവിടെ വന്നപ്പോള്‍ വെള്ളിയാഴ്ചകളില്‍ നിസ്‌കരിക്കാന്‍ സര്‍ക്കാര്‍ ഹൈവേകള്‍ അനുവദിച്ചുനല്‍കിയിട്ടുണ്ടെന്ന് ചിലര്‍ എന്നോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രീണനം മാത്രമേ ചെയ്യുന്നുള്ളൂ, ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് വേണ്ടി ഒരു ക്ഷേമപ്രവര്‍ത്തനവും നടത്താന്‍ കഴിയില്ല” അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെതിരേയും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു. റാവത്ത് പ്രീണന രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. നിസ്‌കാരം നടത്താന്‍ കോണ്‍ഗ്രസ് അവധി പോലും പ്രഖ്യാപിച്ചെന്നും അമിത് ഷാ പറഞ്ഞു.
വ്യാജ മദ്യം വിറ്റ് റാവത്ത് ആളുകളുടെ ജീവന്‍ വെച്ച് കളിച്ചെന്നും അമിത് ഷാ പറഞ്ഞു.