ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗത്തിനും മൗനം. തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും മാത്രമാണ് അറസ്റ്റിനെതിരെ ഇതുവരെ പ്രതികരിച്ചത്.
അറസ്റ്റ് നാണക്കേടാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും പ്രതികരിച്ചത്.
ദുഃഖകരമാണ് അറസ്റ്റെന്നും മമത പറഞ്ഞു. ‘ചില ഘട്ടങ്ങളില്‍ നടപടികള്‍ വളരെ തെറ്റാകാറുണ്ട്. ഞാന്‍ നിയമത്തെക്കുറിച്ചല്ല സംസാരിക്കുന്നത്.
പക്ഷേ ചിദംബരം ഒരു മുതിര്‍ന്ന നേതാവാണ്, മുന്‍ കേന്ദ്ര ധനമന്ത്രിയാണ്, ആഭ്യന്തരമന്ത്രിയാണ്. അദ്ദേഹത്തിനെതിരായ കേസ് ഇങ്ങനെ കൈകാര്യം ചെയ്തതില്‍ വിഷമമുണ്ട്.’- മമത മാധ്യമങ്ങളോട് പറഞ്ഞു.
സി.ബി.ഐക്കെതിരെ തുറന്നടിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ‘സി.ബി.ഐ മതില്‍ച്ചാടിച്ചെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഞാനും കണ്ടു. രാജ്യത്തിനു തന്നെ വളരെ അപമാനകരമാണിത്. രാഷ്ട്രീയ ഗൂഢാലോചനയാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും അദ്ദേഹം അറസ്റ്റിലായി. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.’- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കാന്‍ ബി.ജെ.പി സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് അഹമ്മദ് പട്ടേലിനെയും ഗുലാം നബി ആസാദിനെയുമാണ്.
എന്നാല്‍ തൃണമൂലും ഡി.എം.കെയും ഒഴികെയുള്ളവര്‍ ഇപ്പോഴും മൗനം പാലിക്കുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയാണ്. എന്‍.സി.പിയും ആര്‍.ജെ.ഡിയും ഇതുവരെ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.
ഇടതുകക്ഷികളായ സി.പി.ഐ.എമ്മും സി.പി.ഐയും മൗനം പാലിക്കുന്നതും തിരിച്ചടിയാണ്.
സമാജ്‌വാദി പാര്‍ട്ടിയാകട്ടെ (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവിലൂടെ ചിദംബരത്തിന്റെ പേര് പറയാതെ പ്രതികരിച്ചു. മാത്രമല്ല, ചിദംബരത്തെ പരോക്ഷമായെങ്കിലും അനുകൂലിച്ചായിരുന്നില്ല പ്രതികരണം.
‘ഇത് കടലാസുകളിലൂടെയുള്ള പോരാട്ടമാണ്. അതില്‍ പോരാടിയേ പറ്റൂ. സര്‍ക്കാര്‍ നിങ്ങളുടെ പിറകെയാണെങ്കില്‍, അവര്‍ക്ക് എല്ലാ അധികാരങ്ങളുമുണ്ടെന്ന് ഓര്‍ക്കുക. പൊലീസ്, സൈന്യം, മറ്റെല്ലാ വകുപ്പുകളും സര്‍ക്കാരിനു കീഴിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രേഖകളെല്ലാം കൃത്യമാണെങ്കില്‍ മാത്രമേ സര്‍ക്കാരിനെ എതിര്‍ക്കാന്‍ കഴിയൂ.’- അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മായാവതിയുടെ ബി.എസ്.പിയും ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ഒരക്ഷരം മിണ്ടിയിട്ടില്ല.
ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.