| Thursday, 19th July 2018, 10:30 am

ഞാന്‍ അഭിനയിക്കുകയാണെന്നാണ് ബി.ജെ.പിക്കാര്‍ പ്രചരിപ്പിക്കുന്നത്; ഇതില്‍ കൂടുതലൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല; കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യവുമായി നിലവില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും കാളകൂടവിഷം കഴിക്കേണ്ടി വന്ന ശിവന്റെ അവസ്ഥയിലാണ് താനെന്ന പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

തന്റെ പ്രസ്താവന ചിലര്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അതിന് പിന്നില്‍ ബി.ജെ.പിയാണെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ ഉദ്ദേശിച്ചായിരുന്നു താന്‍ അത് പറഞ്ഞത്. മുഖ്യമന്ത്രിയായി ഞാന്‍ ചുമതലയേല്‍ക്കുന്നത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകളുണ്ട്. അവരാണ് മനപൂര്‍വം പ്രശ്‌നമുണ്ടാക്കുന്നത്.


Dont Miss പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു


ഇതെല്ലാം എന്റെ കുടുംബത്തിനും പാര്‍ട്ടി അംഗങ്ങള്‍ക്കും മുന്‍പില്‍ വെച്ച് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ചില മാധ്യമങ്ങള്‍ കൂടി തനിക്ക് എതിരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ടി ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെയെല്ലാം അവര്‍ വിമര്‍ശിക്കുകയാണ്. അത് എന്തിന് വേണ്ടിയാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ അഭിനയിച്ചതാണ് എന്നാണ് ബി.ജെ.പിക്കാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

അഭിനയത്തിലൂടെ ജനങ്ങളെ ഞാന്‍ മണ്ടന്‍മാരാക്കിയെന്നും അവര്‍ പറയുന്നു. ഇതിലും വലുതൊന്നും ഞാന്‍ എന്റെ ബി.ജെ.പി സുഹൃത്തുക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ ഞാന്‍ ഒരു മനുഷ്യനാണ്.

എന്തെങ്കിലും വിഷമം മനസില്‍ തോന്നിയാല്‍ അത് പ്രകടമാക്കുന്നവരാണ് നമ്മള്‍. സഹിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ നമ്മള്‍ കരഞ്ഞുപോകുക സ്വാഭാവികം. എന്റെ വികാരത്തെപ്പോലും വിമര്‍ശിക്കുന്നവര്‍ക്ക് മനുഷ്യത്വമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല- എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും നേരത്തെ പറഞ്ഞ ആ ഒരു വിഭാഗമാണ് താന്‍ കോണ്‍ഗ്രസുമായി പ്രശ്‌നത്തിലാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

“”തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോണ്‍ഗ്രസ് ജെ.ഡി.എസിനെ ബി.ജെ.പിയുടെ ബി ടീമായി ഉയര്‍ത്തിക്കാട്ടി. കോണ്‍ഗ്രസിനേക്കാള്‍ വലിയ ശത്രു മോദിയാണെന്ന് ജെ.ഡി.എസും പറഞ്ഞു. ഇപ്പോള്‍ എന്തു തോന്നുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഓരോ പാര്‍ട്ടിക്കും ഓരോ തന്ത്രം ഉണ്ടാകുമെന്നും എന്നാല്‍ സഖ്യം നല്ല തീരുമാനം തന്നെയാണെന്നുമായിരുന്നു കുമാരസ്വാമിയുടെ മറുപടി.


വിവേകാനന്ദസ്വാമികള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ ആക്രമിക്കപ്പെടും; സന്ദീപാനന്ദഗിരി


ഇതൊരു അവസരവാദ സഖ്യമല്ലേയെന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നും അദ്ദേഹം മറുപടി നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഈ സഖ്യം ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. കേന്ദ്രത്തിലിരുന്ന് ബി.ജെ.പി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ നമ്മള്‍കാണുന്നുണ്ട്. അവര്‍ ഇന്ത്യയിലെ ജനതയെ നാള്‍ക്കുനാള്‍ ബുദ്ധിമുട്ടിക്കുകയാണ്. അതിന് അന്ത്യം കുറിക്കേണ്ടതുണ്ട്.

സിദ്ധരാമയ്യയുമായി യാതൊരു പ്രശ്‌നവും തനിക്ക് ഇല്ലെന്നും രാഹുല്‍ ഗാന്ധിയും മായാവതിയും മമത ബാനര്‍ജിയും പ്രധാനമന്ത്രി സ്ഥാനത്ത് വരാവുന്ന ശക്തരായ നേതാക്കള്‍ തന്നെയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

We use cookies to give you the best possible experience. Learn more