മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഞ്ചിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ച് കോൺഗ്രസ്
national news
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഞ്ചിച്ചെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ച് കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 8:50 am

പൂനെ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നീതിയും സുതാര്യതയും ഇല്ലെന്ന ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരുടെ എണ്ണം കുത്തനെ വർധിച്ചതിൽ ആശങ്ക ഉയർത്തി കോൺഗ്രസ് മഹാരാഷ്ട്ര നേതൃത്വം വെള്ളിയാഴ്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് (ഇ.സി.ഐ) മെമ്മോറാണ്ടം സമർപ്പിക്കുകയായിരുന്നു.

കോൺഗ്രസ് നേതാക്കളായ നാനാ പടോലെ, രമേശ് ചെന്നിത്തല, മുകുൾ വാസ്‌നിക് എന്നിവരാണ് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) രാജീവ് കുമാറിനും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കത്തയച്ചത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി നാലിൽ മൂന്ന് ഭൂരിപക്ഷം നേടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ, വോട്ടർ പട്ടികയിൽ നിന്ന് ധാരാളം വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്‌തെന്നും അതേസമയം എല്ലാ മണ്ഡലങ്ങളിലും ഏകദേശം 10,000 വോട്ടർമാർ പുതുതായി ചേർക്കപ്പെട്ടെന്നും നേതാക്കൾ അവകാശപ്പെട്ടു.

‘അനിയന്ത്രിതവും ഏകപക്ഷീയവുമായ നീക്കം ചെയ്യലിലൂടെയും പുതുതായി വോട്ടർമാരെ ഉൾപ്പെടുത്തുന്നതിലൂടെയും, 2024 ജൂലൈ മുതൽ 2024 നവംബർ വരെ വോട്ടർ പട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനയാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്,’ നേതാക്കൾ മെമ്മോറാണ്ടത്തിൽ സൂചിപ്പിച്ചു. ഒപ്പം അവരുടെ മെമ്മോറാണ്ടത്തിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ ബി.ജെ.പി കൃത്രിമം കാണിച്ചെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.

ശരാശരി 50000 വോട്ടർമാരുടെ വർധനവുണ്ടായ 50 അസംബ്ലി മണ്ഡലങ്ങളിൽ 47 മണ്ഡലങ്ങളിലും ഭരണകൂടവും സഖ്യകക്ഷികളും വിജയം നേടിയിരുന്നു. തുൾജാപൂർ അസംബ്ലി മണ്ഡലത്തിലെ നിരവധി വ്യാജ വോട്ടർ രജിസ്ട്രേഷനുകൾക്കെതിരെ ധാരാശിവ് സൈബർ പൊലീസ് സ്റ്റേഷനിൽ ഒരു വോട്ടർ രജിസ്ട്രേഷൻ ഓഫീസർ പരാതി നൽകിയിട്ടുണ്ടെന്നും അത് തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

‘ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം, മഹാരാഷ്ട്ര സംസ്ഥാനത്തുടനീളമുള്ള പോളിങ് ശതമാനം വൈകുന്നേരം 5:00ന് 58.22% ആയിരുന്നു. പ്രസ്തുത ശതമാനം 65.02% ആയി പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേ ദിവസം രാത്രി 11:30നുള്ളിലാണ് ഇത് നടന്നത്. കൂടാതെ വോട്ടിങ് ശതമാനം 66.05% ആയി വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. കമ്മീഷൻ നൽകിയ വോട്ടർ ഡാറ്റ പ്രകാരം, 21.11.2024 ന് വൈകുന്നേരം 5:00 നും പോളിംഗ് അവസാനിക്കുന്ന സമയം 6:00 നും ഇടയിൽ, ഏകദേശം 76 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി. വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പ് ഏകദേശം 10 ലക്ഷം വോട്ടർമാരുടെ മറ്റൊരു വർദ്ധനവ് ഉണ്ടായി. ഇത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്തതാണ് ,’ മെമ്മോറാണ്ടത്തിൽ പറയുന്നു.

Content Highlight: Congress Alleges Voter Fraud in Maharashtra Elections, Submits Memorandum to EC