| Sunday, 3rd June 2018, 11:16 pm

മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍; കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ് ആരോപണം. 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍ പട്ടികയിലുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഇതിനുള്ള തെളിവുകളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി മധ്യപ്രദേശ് പി.പി.സി അധ്യക്ഷന്‍ കമല്‍ നാഥ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പരാതിയില്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

“വോട്ടര്‍ പട്ടികയിലെ 60 ലക്ഷത്തോളമുള്ള വ്യാജന്മാരെക്കുറിച്ചുള്ള തെളിവുകള്‍ ഞങ്ങള്‍ കമ്മീഷന് കൈമാറിയിട്ടുണ്ട്. ഈ പേരുകളൊക്കെ മനഃപൂര്‍വ്വം ഉള്‍പ്പെടുത്തിയവയാണ്. ഇത് ഭരണപരമായ പിഴവല്ല, ഭരണത്തിന്റെ ദുരുപയോഗമാണ്.”- കമല്‍ നാഥ് പറഞ്ഞു.

ജനസംഖ്യ 24 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍ വോട്ടേഴ്‌സിന്റെ എണ്ണം എങ്ങനെയാണ് 40 ശതമാനം വര്‍ദ്ധിക്കുകയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.


Read | ജനം ടി.വിയുടെ ഓഫിസ് അടിച്ചു തകര്‍ത്തു; വ്യാജ വാര്‍ത്ത നല്‍കിയതിന് ആര്‍.എസ്.എസുകാര്‍ അക്രമിച്ചതെന്ന് റിപ്പോര്‍ട്ട്


മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലുമായുള്ള വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്ത് സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

“മുന്‍ഗവോളി, കൊലാറസ് ഉപതെരഞ്ഞെടുപ്പുകളിലാണ് ഈ തിരിമറി ശ്രദ്ധയില്‍ പെട്ടത്. വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിച്ച് വന്നിരുന്നു. 101 മണ്ഡലങ്ങളിലെ പട്ടിക പരിശോധിച്ചപ്പോള്‍ 24,65,000 വ്യാജ വോട്ടര്‍മാരെ കണ്ടെത്തി.” – കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിയ സിന്ധ്യ പറഞ്ഞു.

We use cookies to give you the best possible experience. Learn more