| Saturday, 16th September 2023, 8:49 am

കർഷകർക്കുള്ള സ്കീമിൽ നിന്ന് ഭാര്യക്ക് 10 കോടി രൂപ സബ്‌സിഡി; അസം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പങ്കാളിയുമായി ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിന് 10 കോടി രൂപ കേന്ദ്ര സബ്‌സിഡി അനുവദിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്‌.
‘പ്രധാൻമന്ത്രി കിസാൻ സമ്പാദന യോജനയുടെ’ ഗുണഭോക്താക്കളുടെ പട്ടികയിൽ ശർമയുടെ ഭാര്യ റിങ്കി ഭുയാൻ ശർമയുടെ കമ്പനി പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് 10 കോടി രൂപ അനുവദിച്ചിരുന്നു.

വിവാദത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ മറുപടി പറയണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. മന്ത്രി പീയുഷ് ഗോയൽ തന്നെയാണ് പട്ടികയിൽ ഉൾപ്പെട്ട കാര്യം ലോക്സഭയിൽ വെളിപ്പെടുത്തിയത്. അസമിലെ നിക്ഷേപത്തെ കുറിച്ച് ബി.ജെ.പി എം.പി പല്ലബ് ലോചൻ ദാസ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി നൽകിയ മറുപടി ലോക്സഭയിലെ കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി നേതാവ് ഗൗരവ് ഗോഗോയ് പുറത്തുവിട്ടു.

തന്റെ ഭാര്യയോ അവരുടെ കമ്പനിയോ സർക്കാരിൽ നിന്ന് ഒരു സബ്‌സിഡിയും സ്വീകരിച്ചിട്ടില്ല എന്ന നിലപാട് ആവർത്തിക്കുകയാണ് ഹിമന്ത ബിശ്വ ശർമ. താൻ സബ്സിഡി സ്വീകരിച്ചിട്ടില്ലെന്നും മറിച്ചുള്ള തെളിവ് ഹാജരാക്കിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. 10 കോടി കേന്ദ്രം അനുവദിച്ച ശേഷം അത് നൽകിയില്ല എന്ന് പരാതി പറയുകയാണോ എന്ന് ഗൊഗോയ് തിരിച്ചടിച്ചു.

പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ രണ്ട് ടെലിവിഷൻ വാർത്താ ചാനലുകൾ, ഒരു പത്രം, ഒരു വെബ്സൈറ്റ്, മൂന്ന് എന്റർടെയ്ൻമെന്റ് ചാനലുകൾ എന്നിവയുണ്ട്.

കേന്ദ്ര സർക്കാർ പദ്ധതികൾ ബി.ജെ.പിയെ പരിപോഷിപ്പിക്കുവാനാണോ എന്ന് ഗൊഗോയ് വിമർശിച്ചു.
‘ഇന്ത്യയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി മോദി കിസാൻ സമ്പാദ സ്കീം കൊണ്ടുവന്നത്. പക്ഷേ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്റെ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ സ്ഥാപനത്തിന് ക്രെഡിറ്റ്‌ ലിങ്ക്ഡ് സബ്‌സിഡിയുടെ ഭാഗമായി 10 കോടി രൂപ ലഭിക്കാൻ സഹായിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾ ബി.ജെ.പിയെ പരിപോഷിപ്പിക്കുവാൻ ഉള്ളതാണോ?’ എക്‌സിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

Content Highlight: Congress alleged that Assam cm’s wife got a 10 crores subsidy

We use cookies to give you the best possible experience. Learn more