| Monday, 8th July 2019, 11:34 am

വിമതല എം.എല്‍.എമാര്‍ രാജ്ഭവനില്‍ ചിലവഴിച്ചത് രണ്ടുമണിക്കൂറിലേറെ; സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ക്കൊപ്പമാണ് വിമത എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. രണ്ടുമണിക്കൂറിലേറെ രാജ്ഭവനില്‍ ഇവര്‍ ചിലവഴിച്ചത് ദുരൂഹമാണെന്നാണ് ജി. പരമേശ്വര പറഞ്ഞത്.

ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നില്‍ ബി.ജെ.പി തന്നെയാണെന്നതിന് ഇതുതന്നെയാണ് തെളിവെന്നും പരമേശ്വര ആരോപിക്കുന്നു.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതിനുശേഷം എം.എല്‍.എമാര്‍ എല്ലാവരും ഗവര്‍ണറെ കാണാനായി പോകുകയാണുണ്ടായത്. സ്പീക്കറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം.

അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ വിമത എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രകാരം മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങുകയാണ് നേതൃത്വം.

കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നുമാണ് പരമേശ്വര പറഞ്ഞത്.

നേതൃമാറ്റമില്ലാതെ പ്രശ്നം പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരുമായും പരമേശ്വര ചര്‍ച്ച നടത്തുന്നുണ്ട്.

രാവിലെ 10 മണിക്ക് ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാമലിംഗ റെഡ്ഡി, എസ്. ടി സോമശേഖര്‍, ബി. സി പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും എച്ച്. ഡി ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.

അതിനിടെ എം.എല്‍.എ സ്ഥാനം രാജിവെച്ച രാമലിംഗയുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചര്‍ച്ച നടത്തി. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് കൂടിക്കാഴ്ച. രാജിയില്‍ നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം റെഡ്ഢിയോട് ആവശ്യപ്പെട്ടു.

അമേരിക്കയിലായിരുന്ന കുമാരസ്വാമി ഇന്നലെ രാത്രിയാണ് തിരികെയെത്തിയത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഞായറാഴ്ച രാത്രി കുമാരസ്വാമി ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു.

അതേസമയം, എം.എല്‍.എമാരുടെ കൂട്ടരാജിയ്ക്ക് പിന്നില്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ ആരോപിച്ചു.സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയാണ് എം.എല്‍.എമാര്‍ വിമതരായതെന്നും ദേവഗൗഡ ഡി.കെ ശിവകുമാറുമായുള്ള യോഗത്തിലും ആവര്‍ത്തിച്ചു.

We use cookies to give you the best possible experience. Learn more