ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ക്കൊപ്പമാണ് വിമത എം.എല്‍.എമാര്‍ ഗവര്‍ണറെ കാണാനെത്തിയത്. രണ്ടുമണിക്കൂറിലേറെ രാജ്ഭവനില്‍ ഇവര്‍ ചിലവഴിച്ചത് ദുരൂഹമാണെന്നാണ് ജി. പരമേശ്വര പറഞ്ഞത്.
ബി.ജെ.പി ഗവര്‍ണറെ ഉപയോഗിക്കുകയാണ്. എം.എല്‍.എമാര്‍ രാജിവെച്ചതിനു പിന്നില്‍ ബി.ജെ.പി തന്നെയാണെന്നതിന് ഇതുതന്നെയാണ് തെളിവെന്നും പരമേശ്വര ആരോപിക്കുന്നു.
സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതിനുശേഷം എം.എല്‍.എമാര്‍ എല്ലാവരും ഗവര്‍ണറെ കാണാനായി പോകുകയാണുണ്ടായത്. സ്പീക്കറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഇത് ചെയ്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
അതിനിടെ, പ്രശ്‌നം പരിഹരിക്കാന്‍ വിമത എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രകാരം മന്ത്രിസഭ പുനസംഘടനയ്ക്ക് ഒരുങ്ങുകയാണ് നേതൃത്വം.
കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നുമാണ് പരമേശ്വര പറഞ്ഞത്.
നേതൃമാറ്റമില്ലാതെ പ്രശ്നം പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ എല്ലാ മന്ത്രിമാരുമായും പരമേശ്വര ചര്‍ച്ച നടത്തുന്നുണ്ട്.
രാവിലെ 10 മണിക്ക് ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കും. വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍, നിലവിലെ മന്ത്രിമാരില്‍ ചിലരോട് കോണ്‍ഗ്രസ് രാജി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.