'സെക്യുലർ', 'സോഷ്യലിസ്റ്റ്' ഇല്ലാതെ ഭരണഘടന; കേന്ദ്രത്തിനെതിരെ പ്രതിഷേധം
national news
'സെക്യുലർ', 'സോഷ്യലിസ്റ്റ്' ഇല്ലാതെ ഭരണഘടന; കേന്ദ്രത്തിനെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th September 2023, 10:36 am

ന്യൂദൽഹി: ഭരണഘടനയിൽ നിന്ന് കേന്ദ്രസർക്കാർ മതേതരത്വം ഒഴിവാക്കിയെന്ന് ആരോപണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ എം.പിമാർക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് കേന്ദ്രത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്.

സർക്കാർ നീക്കം സംശയാസ്പദമാണെന്ന് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും.

‘ഈ രണ്ട് വാക്കുകൾ ഭരണഘടനയിലില്ലെങ്കിൽ അത് ആശങ്കാജനകമാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. ഇത് കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ നീക്കമാണ്, അവരുടെ ഉദ്ദേശം സംശയാസ്പദമാണ്,’ ചൗധരി പറഞ്ഞു.
എന്നാൽ കോൺഗ്രസിന്റെ ആരോപണം കേന്ദ്രസർക്കാർ നിർദേശിച്ചു.

ചൊവ്വാഴ്ച രാവിലെ അധീർ രഞ്ജൻ ചൗധരി പാർലമെന്റിൽ ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഈ അവസരത്തിൽ അദ്ദേഹം സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഉപയോ​ഗിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാ​ഗമായാണ് അം​ഗങ്ങൾക്ക് രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പും പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നൽകിയത്.

മന്ത്രിമാരും വളരെ കുറച്ച് നേതാക്കളും മാത്രമാണ് ഇന്നലെ വിതരണം ചെയ്ത ഭരണഘടനയും പുസ്തകങ്ങളും വാങ്ങിയത്.

1976 ൽ 42–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ബി.ജെ.പി മുമ്പ് സോഷ്യലിസ്റ്റ്, സെക്കുലർ എന്ന വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ഇന്ത്യയെന്ന ആശയത്തിൽ തന്നെ മതേതരത്വം ഉൾക്കൊള്ളുന്നതിനാൽ പ്രത്യേകമായി ചേർക്കേണ്ടെന്നായിരുന്നു ബിജെപിയുടെ വാദം.

Content Highlight: Congress against the center for removing Secular, Socialist from the Constitution