ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര വനിത-ശിശു മന്ത്രി സ്മൃതി ഇറാനിക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡുമായി കോണ്‍ഗ്രസ്. മണിപ്പൂരില്‍ കേന്ദ്രമന്ത്രി തോറ്റുവെന്ന റിപ്പോര്‍ട്ട് ആണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘പേര്: സ്മൃതി സുബിന്‍ ഇറാനി
മന്ത്രാലയം: വനിത-ശിശു വികസനം
മണിപ്പൂര്‍ കലാപം: മൗനം
മണിപ്പൂരിലെ ലൈംഗികാതിക്രമം: സ്ത്രീകളുടെ ദുരവസ്ഥയെ കുറിച്ച് ഒരു അറിവും ഇല്ല. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഉണരുന്നത്’ എന്നാണ് കോണ്‍ഗ്രസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡിലുള്ളത്.
എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനിയും രംഗത്തെത്തി.
‘സ്ത്രീകളുടെ സ്‌കോര്‍ കാര്‍ഡ് ഇറക്കാനും മാത്രം അധപതിക്കുന്ന കുറച്ച് പേര്‍ മാത്രമേ കാണുള്ളൂ. മനപ്പൂര്‍വമായ അജ്ഞതയും കുറച്ച് പേര്‍ മാത്രമേ പ്രകടിപ്പിക്കുള്ളൂ. എന്നാല്‍ രണ്ട് കാര്യത്തിലും കോണ്‍ഗ്രസ് നന്നായി സ്‌കോര്‍ ചെയ്യുന്നു. രാജവംശം അനുവദിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം,’ എന്നാണ് കോണ്‍ഗ്രസിന്റെ പ്രോഗസ് കാര്‍ഡ് ഷെയര്‍ ചെയ്ത് സ്മൃതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം സ്മൃതിയുടെ ട്വീറ്റിന് ഉടനെ തന്നെ പ്രതികരണവുമായി ടി.എം.സി എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി.
‘ക്ഷമിക്കണം വനിത-ശിശു വികസന മന്ത്രി. നിങ്ങള്‍ പറയുന്നതല്ല അധപതനം. മറ്റ് സംസ്ഥാനങ്ങളിലെ വ്യാജവാര്‍ത്തകളിലൂടെ മണിപ്പൂര്‍ വിഷയത്തിലെ ശ്രദ്ധ മാറ്റലാണ് അധപതനം. പ്രധാനമന്ത്രിയാണെങ്കിലും ആഭ്യന്തര മന്ത്രിയാകണമെങ്കിലും വനിത-ശിശു വികസന മന്ത്രാലയമാണെങ്കിലും നമ്മുടെ സഹോദരികള്‍ മരിക്കുമ്പോള്‍ മിണ്ടാതിരിക്കുകയാണ്. നിങ്ങളുടെ കസേരക്ക് നമ്മുടെ ഗുസ്തി താരങ്ങളെ സംരക്ഷിക്കാന്‍ സാധിക്കാത്തതാണ് അപചയം.
മൗനഗുരു അനുവദിച്ചാല്‍ ഒരു ഡിക്ഷണറി വാങ്ങിവെക്കൂ,’ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ഇന്ന് കോണ്‍ഗ്രസിനെതിരെ സ്മൃതി ഇറാനി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മണിപ്പൂരിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നാണ് സ്മൃതി ആരോപിച്ചത്. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളുടെ സത്യാവസ്ഥ അറിയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും സ്മൃതി പറഞ്ഞു. പശ്ചിമ ബംഗാളില്‍ രണ്ട് ദളിത് സ്ത്രീകള്‍ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നുവെന്നും അതില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ് വരുന്നത്.
content highlights: CONGRESS AGAINST SMRITI IRANI