ബെംഗളൂരു: ഗോവധ നിരോധന ബില്ലിനെതിരെ രൂക്ഷ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ആര്‍.എസ്.എസ് പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുന്ന രീതിയാണ് ബി.ജെ.പിയുടേതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
എന്ത് ബില്ല് അവതരിപ്പിക്കണമെന്ന് ആര്‍.എസ്.എസ്. പറയുന്നോ അത് ബി.ജെ.പി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗോവധ നിരോധന ബില്ല് കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും സിദ്ധരമായ്യ വ്യക്തമാക്കി.
ഗോവധ നിരോധന നിയമം നടപ്പാക്കിയാല്‍ ബീഫ് വില്‍പ്പനയിലൂടെ ഉപജീവനം കണ്ടെത്തുന്നവര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം കൊണ്ടുവരുമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധന ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനാണ് ഇക്കാര്യം പറഞ്ഞത്.
ഗോക്കള്‍ തങ്ങളുടെ മാതാവാണെന്നും അവയെ കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ലെന്നും ചവാന്‍ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേതിനേക്കാള്‍ കര്‍ശനമായിരിക്കും കര്‍ണാടകയിലെതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. യെദിയൂരപ്പ സര്‍ക്കാര്‍ 2008ല്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും പ്രതിഭാ പാട്ടീല്‍ തിരിച്ചയക്കുകയായിരുന്നു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പിന്‍വലിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക